അമേരിക്കയുമായുള്ള വ്യാപാരയുദ്ധം വ്യാപാരയുദ്ധം ആരംഭിച്ച ശേഷം ആദ്യമായി കാനഡ സെപ്റ്റംബറിൽ വ്യാപാര മിച്ചം രേഖപ്പെടുത്തി. കയറ്റുമതി വർധിക്കുകയും ഇറക്കുമതി കുറയുകയും ചെയ്തതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു.യു.എസിന് പുറത്തുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 11 ശതമാനം വർധിച്ചു. യു.എസിലേക്കുള്ള കയറ്റുമതിയും കൂടിയിട്ടുണ്ട്. പ്രത്യേകിച്ച് വിമാനങ്ങൾ, ട്രക്കുകൾ, സ്വർണ്ണം എന്നിവയുടെ കയറ്റുമതിയിൽ വളർച്ച രേഖപ്പെടുത്തി.
അതേസമയം, യു.എസിൽ നിന്നുള്ള ഇറക്കുമതി തുടർച്ചയായ മൂന്നാം മാസവും കുറഞ്ഞു.മൊത്തത്തിൽ, ഓഗസ്റ്റിനെ അപേക്ഷിച്ച് കാനഡയുടെ കയറ്റുമതി 6.3 ശതമാനം വർധിച്ചു. ഇറക്കുമതി 4.1 ശതമാനം കുറഞ്ഞതോടെ, 153 മില്യൺ ഡോളറിൻ്റെ വ്യാപാര മിച്ചമാണ് രേഖപ്പെടുത്തിയത്. ഇത് യു.എസുമായുള്ള കാനഡയുടെ വ്യാപാരം സ്ഥിരത കൈവരിക്കുന്നതിൻ്റെ സൂചനയാണെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. യൂറോപ്പുമായും ഏഷ്യയുമായും കൂടുതൽ വ്യാപാരം നടത്തി കാനഡ തങ്ങളുടെ വിപണികൾ വൈവിധ്യവത്കരിക്കുന്നുമുണ്ട്. നിരവധി കനേഡിയൻ പൗരന്മാർ യു.എസ്. ഉൽപ്പന്നങ്ങൾ ഒഴിവാക്കുന്നതായി പല സർവ്വെകളിലും കണ്ടെത്തിയിരുന്നു. ഇത് ബൈ കനേഡിയൻ എന്ന പ്രസ്ഥാനത്തിന് വലിയ ഊർജ്ജം പകരുന്നുണ്ട്. താരിഫുകളും സാമ്പത്തിക വളർച്ചയിലെ കുറവും പോലുള്ള വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും, കാനഡയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് വിദഗ്ധർക്ക് ശുഭാപ്തിവിശ്വാസമാണുള്ളത്.