സാൻ ഫ്രാൻസിസ്കോയിൽ സ്വയംനിയന്ത്രിത വേയ്മോ ടാക്സിക്കുള്ളിൽ യുവതിക്ക് സുഖപ്രസവം. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു പ്രസവം. മനുഷ്യ ഡ്രൈവർ ഇല്ലാതെയാണ് ഈ സ്വയംഭരണ കാർ ഓടിക്കൊണ്ടിരുന്നത്.
തിങ്കളാഴ്ച യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ, സാൻ ഫ്രാൻസിസ്കോ മെഡിക്കൽ സെൻ്ററിലേക്ക് പോകുന്നതിനിടെയാണ് ഒരു സ്ത്രീ റോബോ ടാക്സിക്കുള്ളിൽ പ്രസവിച്ചത്. വാഹനത്തിനുള്ളിൽ 'എന്തോ കുഴപ്പം' ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കമ്പനിയുടെ റൈഡർ സപ്പോർട്ട് ടീം യാത്രക്കാരിയെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുകയും 911-ൽ വിവരമറിയിക്കുകയും ചെയ്തുവെന്നും കമ്പനി പറഞ്ഞു. പ്രസവസമയത്തും കാർ സാധാരണ നിലയിൽ പ്രവർത്തിച്ചു എന്നും കമ്പനി അറിയിച്ചു
ഗൂഗിളിൻ്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് Waymo. കാറിന് എന്തോ കുഴപ്പമുണ്ടെന്ന് എങ്ങനെ മനസ്സിലായി എന്നതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ കമ്പനി വിസമ്മതിച്ചു. കാറിന് അകത്തും പുറത്തും കാമറകളും മൈക്രോഫോണുകളും ഉണ്ടെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര സേവനങ്ങൾ എത്തുന്നതിനുമുമ്പ് തന്നെ ടാക്സിയും യാത്രക്കാരും സുരക്ഷിതമായി ആശുപത്രിയിൽ എത്തി. അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിച്ചതായി UCSF വക്താവ് ജെസ് ബെർത്തോൾഡ് സ്ഥിരീകരിച്ചു. ഇത്തരം സംഭവങ്ങൾ അപൂർവമാണെങ്കിലും, തങ്ങളുടെ ടാക്സികളിൽ നടക്കുന്ന ആദ്യത്തെ പ്രസവമല്ല ഇത് എന്നും കമ്പനി വ്യക്തമാക്കി. വലുതും ചെറുതുമായ നിമിഷങ്ങളിൽ വിശ്വസ്തതയോടെയുള്ള യാത്രാസൗകര്യമൊരുക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്നും കമ്പനി പറഞ്ഞു.
ഉയർന്ന പരിശോധനകളെ നേരിടുമ്പോഴും ഡ്രൈവറില്ലാ ടാക്സികളുടെ ജനപ്രീതി കുതിച്ചുയരുകയാണ്. സാൻ ഫ്രാൻസിസ്കോ, സിലിക്കൺ വാലി, ലോസ് ഏഞ്ചൽസ്, ഫീനിക്സ് എന്നിവിടങ്ങളിലെ ഫ്രീവേകളിലും ഇൻ്റർസ്റ്റേറ്റുകളിലും യാത്രക്കാർക്ക് ഇവ ഉപയോഗിക്കാൻ സാധിക്കും.