ഗര്‍ഭിണിയെ വെടിവെച്ച് കൊന്ന കേസ്: മുന്‍ കാമുകന്‍ അറസ്റ്റില്‍

By: 600002 On: Dec 12, 2025, 7:42 AM



 

 

പി പി ചെറിയാന്‍

ആര്‍ലിംഗ്ടണ്‍(ടെക്‌സസ്): ഗര്‍ഭിണിയെ വെടിവെച്ച് കൊന്ന കേസില്‍ ആര്‍ലിംഗ്ടണ്‍ പോലീസും യു.എസ്. മാര്‍ഷല്‍സും ചേര്‍ന്ന് 29-കാരനായ മാലിക് മൈനറെ (Malik Miner) അറസ്റ്റ് ചെയ്തു.
നവംബര്‍ 12-ന് ഇന്റര്‍സ്റ്റേറ്റ് 20-ല്‍ വെച്ചുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

വെടിവെപ്പില്‍ കൊല്ലപ്പെട്ട 29-കാരി ബ്രേ'ഏഷ്യ ജോണ്‍സണ്‍  ഗര്‍ഭിണിയായിരുന്നു. ഇവരും ഇവരുടെ ഗര്‍ഭസ്ഥശിശുവും കൊല്ലപ്പെട്ടു. ജോണ്‍സന്റെ നിലവിലെ കാമുകന് ഗുരുതരമായി പരിക്കേറ്റിരുന്നു. വാഹനത്തിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്ക് പരിക്കില്ല.

മൈനര്‍ ജോണ്‍സന്റെ മുന്‍ കാമുകനായിരുന്നു. ഇയാള്‍ ജോണ്‍സന്റെ വാഹനം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നും ഇത് ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു എന്നും പോലീസ് കണ്ടെത്തി.

ക്യാപിറ്റല്‍ മര്‍ഡര്‍ (Capital Murder), മാരകായുധം ഉപയോഗിച്ചുള്ള മൂന്ന് അഗ്രവേറ്റഡ് അസോള്‍ട്ട് ഡെഡ്ലി കണ്ടക്റ്റ് (Deadly Conduct) എന്നിവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

നിലവില്‍ പ്രതി ആര്‍ലിംഗ്ടണ്‍ സിറ്റി ജയിലിലാണ്.