തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍: ബ്ലാക്ക് ലൈവ്സ് മാറ്റര്‍ ഒക്ലഹോമ നേതാവിനെതിരെ കുറ്റം ചുമത്തി

By: 600002 On: Dec 12, 2025, 7:31 AM



 

പി പി ചെറിയാന്‍

ഒക്ലഹോമ: അന്താരാഷ്ട്ര യാത്രകള്‍, പലചരക്ക് സാധനങ്ങള്‍, വ്യക്തിഗത റിയല്‍ എസ്റ്റേറ്റ് എന്നിവയ്ക്കായി ദശലക്ഷക്കണക്കിന് ഡോളര്‍ ഗ്രാന്റ് ഫണ്ടുകള്‍ അനുചിതമായി ചെലവഴിച്ചുവെന്നാരോപിച്ച് ഒക്ലഹോമ സിറ്റിയിലെ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനത്തിന്റെ  നേതാവ്  ടാഷെല്ല ഷെറി അമോര്‍ ഡിക്കേഴ്സനെതിരെ  ഒരു ഫെഡറല്‍ ഗ്രാന്‍ഡ് ജൂറി കുറ്റം ചുമത്തിയതായി പ്രോസിക്യൂട്ടര്‍മാര്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചു. 

20 വയര്‍ ഫ്രോഡ് (Wire Fraud) കേസുകളും 5 കള്ളപ്പണം വെളുപ്പിക്കല്‍ (Money Laundering) കേസുകളുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

2020 മുതല്‍ BLM ഒക്ലഹോമക്ക് ലഭിച്ച 5.6 ദശലക്ഷം ഡോളറില്‍ (ഏകദേശം 46 കോടിയിലധികം ഇന്ത്യന്‍ രൂപ) അധികം വരുന്ന ഫണ്ടില്‍ നിന്ന് 3.15 ദശലക്ഷം ഡോളര്‍ ഇവര്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തു എന്നാണ് ആരോപണം.

വര്‍ഗ്ഗീയ നീതി പ്രക്ഷോഭങ്ങളില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം എടുക്കാന്‍ വേണ്ടി സമാഹരിച്ച ഈ പണം, ജമൈക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍, ആഢംബര ഷോപ്പിംഗ്, പലചരക്ക് സാധനങ്ങള്‍, ഒരു വാഹനം, ഒക്ലഹോമ സിറ്റിയിലെ ആറ് സ്വത്തുക്കള്‍ എന്നിവ വാങ്ങാന്‍ ഉപയോഗിച്ചു എന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നത്.

കുറ്റം തെളിഞ്ഞാല്‍ ഓരോ വയര്‍ ഫ്രോഡ് കേസിലും 20 വര്‍ഷം വരെ തടവും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 10 വര്‍ഷം വരെ തടവും ലഭിക്കാം. താന്‍ കസ്റ്റഡിയിലില്ലെന്നും ടീമില്‍ വിശ്വാസമുണ്ടെന്നും ഡിക്കേഴ്സണ്‍ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു.