പി പി ചെറിയാന്‍
ചിക്കാഗോ: കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഒരു പ്രതിയെ പിന്തുടരുന്നതിനിടെ സ്വന്തം പങ്കാളിയുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചിക്കാഗോ പോലീസ് ഓഫീസര്‍ ക്രിസ്റ്റല്‍ റിവേരയുടെ കുടുംബം, ഡിപ്പാര്‍ട്ട്മെന്റിനും വെടിവെച്ച ഓഫീസര്‍ക്കുമെതിരെ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തു.
റിവേരയുടെ പങ്കാളിയായ ഓഫീസര്‍ കാര്‍ലോസ് ബേക്കര്‍ ഓഫീസറായി സേവനമനുഷ്ഠിക്കാന്‍ യോഗ്യനല്ലെന്ന് ആരോപിച്ചാണ് കുക്ക് കൗണ്ടിയില്‍ ബുധനാഴ്ച കേസ് ഫയല്‍ ചെയ്തത്.
ജൂണ്‍ 5-ന് നഗരത്തില്‍ ഒരു പ്രതിയെ പിന്തുടരുന്നതിനിടെയായിരുന്നു സംഭവം. റിവേരയുടെ പങ്കാളി വെടിവെച്ചപ്പോള്‍ അത് റിവേരയുടെ പുറത്ത് കൊള്ളുകയായിരുന്നു. അധികൃതര്‍ ഇത് 'അപകടം' എന്നാണ് വിശേഷിപ്പിച്ചത്.
കുക്ക് കൗണ്ടിയില്‍ ഫയല്‍ ചെയ്ത കേസില്‍, റിവേരയെ വെടിവെച്ച പങ്കാളി ഓഫീസര്‍ കാര്‍ലോസ് ബേക്കര്‍ പോലീസ് ഉദ്യോഗസ്ഥനായി തുടരാന്‍ യോഗ്യനല്ലെന്ന് കുടുംബം ആരോപിക്കുന്നു.
ബേക്കറിന് മൂന്ന് വര്‍ഷത്തില്‍ താഴെയുള്ള സര്‍വീസ് കാലയളവില്‍ 11 തവണ മോശം പെരുമാറ്റത്തിന് പരാതി ലഭിച്ചിരുന്നു.ഇരുവരും തമ്മിലുള്ള പ്രണയബന്ധം തകര്‍ന്നതിലുള്ള പ്രശ്‌നങ്ങളും വെടിവെപ്പിന് കാരണമായെന്ന് കേസില്‍ പറയുന്നു.
ബേക്കര്‍ അവിഹിതം കാണിച്ചതിനെത്തുടര്‍ന്ന് ബന്ധം അവസാനിപ്പിക്കാന്‍ റിവേര തീരുമാനിച്ചതും, ഈ വിവരം ബേക്കറുടെ കാമുകിയെ അറിയിക്കുമെന്ന് റിവേര ഭീഷണിപ്പെടുത്തിയതും ഒരു പ്രശ്‌നമായി നിലനിന്നിരുന്നു.
റിവേരയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചതിന് ചിക്കാഗോ പോലീസ് ഡിപ്പാര്‍ട്ട്മെന്റിനും കേസില്‍ പങ്കുണ്ട്. ബേക്കറിനെ ഓഗസ്റ്റില്‍ പോലീസ് ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു.