അബ്രഹാമിന്റെ മടിത്തട്ട്

By: 600002 On: Dec 11, 2025, 3:01 PM



 

സണ്ണി മാളിയേക്കല്‍


ഓര്‍മ്മ വെച്ച കാലം മുതലേ ഉള്ളതാണ് വെളുപ്പിന് ഉറക്കം, ഉണര്‍ന്നതിനുശേഷം വീണ്ടും ഒരു കിടപ്പ്. ആ പാതി മയക്കത്തില്‍ ധാരാളം സ്വപ്നങ്ങള്‍ കാണാറുണ്ട്. അന്ന് പകല്‍ മുഴുവന്‍  രാത്രി കണ്ട സ്വപ്നങ്ങളെ കുറിച്ചുള്ള ചിന്തകളും അതുമായി എങ്ങനെ ഞാന്‍ ബന്ധപ്പെട്ടു എന്നുള്ള സുഖകരമായ ഓര്‍മ്മകള്‍... നല്ലൊരു അനുഭവമാണ്.

 ഇന്ന് പതിവിന് വിപരീതമായി ഞാനെന്തോ കണ്ടു പേടിച്ചുപോയി എന്ന് തോന്നുന്നു. ആനിയെ കാലുകൊണ്ട് ചവിട്ടിയതാണോ,  അതോ  തള്ളിയതാണോ എന്ന്  ഓര്‍മ്മയില്ല.. ആനി ചാടി എഴുന്നേറ്റു ലൈറ്റ് ഇട്ടു. പണി പാളി എന്ന് എനിക്ക് മനസ്സിലായി. പരിഹാസത്തോടെ ആണെങ്കിലും അല്പം ദേഷ്യത്തില്‍ 'ഇന്ന് നിങ്ങള്‍ എന്ത് സ്വപ്നമാണ് കണ്ടത്?'. തല്‍ക്കാലം രക്ഷപ്പെടാന്‍ വേണ്ടി ഞാന്‍ പറഞ്ഞു, ' ആനി ഞാന്‍ മരിച്ചു  സ്വര്‍ഗ്ഗത്തിലെത്തിയിരുന്നു . അവിടെ അബ്രഹാമിന്റെ മടിത്തട്ടില്‍ ആണ് ഞാന്‍  ഇരുന്നത്. എങ്ങനെയോ തെന്നി  താഴെ വീണതാണ്'.

'നാണമില്ലല്ലോ മനുഷ്യാ'  ആണുങ്ങളുടെ മടിയില്‍ കയറി ഇരിക്കാന്‍ അപ്പുറത്തിരുന്ന സാറയുടെ മടിയില്‍ ആയിരുന്നെങ്കില്‍ നിങ്ങള്‍ വീഴുകയില്ലായിരുന്നു'.  വടി കൊടുത്ത് അടി മേടിച്ച അവസ്ഥയില്‍ ഞാന്‍ വീണ്ടും പുതപ്പിനടിയിലേക്ക് വലിഞ്ഞു....