ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിനെതിരെ റീകോൾ ഹർജി സമർപ്പിക്കാൻ അനുമതി. ഇതോടെ, പ്രീമിയർ പദവിയിലിരിക്കെ ജനകീയമായ റീകോൾ നടപടി നേരിടുന്ന സംസ്ഥാനത്തെ രണ്ടാമത്തെ നേതാവായി ഡാനിയേൽ സ്മിത്ത് മാറി. ജനപ്രതിനിധികളെ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് തന്നെ നീക്കം ചെയ്യാൻ പൗരന്മാർക്ക് അധികാരം നൽകുന്ന ആൽബർട്ടയുടെ 'റീകോൾ ആക്റ്റ്' പ്രകാരമാണ് നടപടി. സ്മിത്തിനൊപ്പം രണ്ട് കാബിനറ്റ് മന്ത്രിമാർക്കെതിരെയും റീകോൾ ഹർജികൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. സ്മിത്ത് തൻ്റെ മണ്ഡലമായ ബ്രൂക്ക്സ്-മെഡിസിൻ ഹാറ്റിലെ (Brooks-Medicine Hat) വോട്ടർമാരെയും വിദഗ്ദ്ധരെയും അവഗണിക്കുന്നുവെന്നും, പൊതുസേവനങ്ങളെ സ്വകാര്യവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.
റീകോൾ നടപടി വിജയകരമാകണമെങ്കിൽ, ഹർജി സമർപ്പിച്ച വ്യക്തിക്ക് 90 ദിവസത്തിനുള്ളിൽ പ്രീമിയറുടെ മണ്ഡലത്തിൽ 2023-ലെ തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളുടെ 60% വരുന്ന ഒപ്പുകൾ ശേഖരിക്കേണ്ടതുണ്ട്. സ്മിത്തിനെതിരെ ഈ നടപടി രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് ഭരണകക്ഷിയായ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി (UCP) ആരോപിച്ചു. എന്നാൽ താൻ മണ്ഡലത്തിലെ ജനങ്ങളുമായി നിരന്തരം കൂടിക്കാഴ്ചകൾ നടത്താറുണ്ടെന്നും അവരെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും ഡാനിയേൽ സ്മിത്ത് പറഞ്ഞു.