പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: വിസ ആവശ്യമില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ യു.എസിലേക്ക് വരുന്ന വിനോദസഞ്ചാരികളുടെ സോഷ്യല്‍ മീഡിയ വിവരങ്ങള്‍ കര്‍ശനമായി പരിശോധിക്കാന്‍ യു.എസ്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (CBP) പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. വിസ ഒഴിവാക്കല്‍ പ്രോഗ്രാമില്‍ (Visa Waiver Program) ഉള്‍പ്പെടുന്ന ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ദക്ഷിണ കൊറിയ തുടങ്ങിയ 42 രാജ്യങ്ങളിലെ പൗരന്മാരെയാണ് ഈ മാറ്റം പ്രധാനമായും ബാധിക്കുക.
അപേക്ഷകര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സോഷ്യല്‍ മീഡിയ വിവരങ്ങള്‍ നിര്‍ബന്ധമായും നല്‍കണം. കൂടാതെ, കഴിഞ്ഞ പത്ത് വര്‍ഷത്തെ ഇമെയില്‍ വിലാസങ്ങള്‍, മാതാപിതാക്കള്‍, പങ്കാളി, സഹോദരങ്ങള്‍, മക്കള്‍ എന്നിവരുടെ പേര്, ജനനത്തീയതി തുടങ്ങിയ വിശദമായ വ്യക്തിഗത വിവരങ്ങളും സമര്‍പ്പിക്കേണ്ടി വരും.
നിലവില്‍ 2016 മുതല്‍ സോഷ്യല്‍ മീഡിയ വിവരങ്ങള്‍ നല്‍കുന്നത് ഐച്ഛികമായിരുന്നു (optional).
വിവരശേഖരണം വര്‍ദ്ധിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് അംഗീകാരം ലഭിക്കാന്‍ കൂടുതല്‍ സമയമെടുക്കാനും, വ്യക്തിഗത സ്വകാര്യതയ്ക്ക് ഭീഷണിയാകാനും സാധ്യതയുണ്ടെന്ന് ഡിജിറ്റല്‍ അവകാശ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നു.