യാത്ര സുഗമമാക്കാൻ പുതിയ സുരക്ഷാ സംവിധാനങ്ങളുമായി കാൽഗറി, എഡ്മൻ്റൺ വിമാനത്താവളങ്ങൾ

By: 600110 On: Dec 11, 2025, 6:08 AM

കാൽഗറി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ കേന്ദ്രീകൃത സുരക്ഷാ പരിശോധനാ സംവിധാനം ആരംഭിച്ചു. സുരക്ഷാ പരിശോധനയുടെ വേഗത വർദ്ധിപ്പിക്കുന്നതിനായി നൂതന സിടി (CT)സ്കാനറുകൾ ഉപയോഗിച്ചാണ്  ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഇതോടെ, യാത്രക്കാർക്ക്  പരിശോധനയ്ക്കിടെ ദ്രാവകങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും ബാഗുകൾക്കുള്ളിൽ തന്നെ സൂക്ഷിക്കാം. ഇത് കാത്തിരിപ്പ് സമയം കുറയ്ക്കുകയും യാത്രക്കാരുടെ ബുദ്ധിമുട്ട് ലഘൂകരിക്കുകയും ചെയ്യുമെന്ന് വിമാനത്താവള അധികൃതർ പറയുന്നു.

പുതിയ സംവിധാനം സുരക്ഷാ പരിശോധനയുടെ ശേഷി 40 ശതമാനം വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. അതേസമയം, എഡ്മൻ്റൺ വിമാനത്താവളും തിരക്കേറിയ അവധിക്കാലത്തിനായി തയ്യാറെടുക്കുകയാണ്. ഇവിടെയും സുരക്ഷാ പരിശോധനയ്ക്ക് അടക്കം അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ക്രിസ്മസ്, പുതുവത്സര സമയങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാർ എത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

തിരക്കേറിയ യാത്ര സമയത്ത് സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കുമാണ് രണ്ട് വിമാനത്താവളങ്ങളും ഊന്നൽ നൽകുന്നത്. കാൽഗറിയുടെ പുതിയ സംവിധാനം ഒരേ സമയം കൂടുതൽ യാത്രക്കാരെ കൈകാര്യം ചെയ്യാൻ രൂപകൽപ്പന ചെയ്തതാണ്. അതേസമയം, എഡ്മന്റൺ അധിക ജീവനക്കാരുടെയും വ്യക്തമായ ആശയവിനിമയത്തിൻ്റെയും സഹായം തേടുന്നു. 
സാങ്കേതികവിദ്യയും ആസൂത്രണവും അവധിക്കാല യാത്രകളെ എങ്ങനെ ലളിതമാക്കുമെന്നാണ് ഈ രണ്ട് വിമാനത്താവളങ്ങളും കാണിക്കുന്നത്. ഈ നടപടികൾ കുടുംബങ്ങൾക്ക് സുരക്ഷിതമായും കുറഞ്ഞ ബുദ്ധിമുട്ടോടെയും ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ സഹായിക്കുമെന്ന് അധികൃതർ പറയുന്നു.