യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ്റെ (CBP) പുതിയ നിർദ്ദേശങ്ങൾ യുഎസിലേക്ക് യാത്ര ചെയ്യുന്ന ചില കാനഡക്കാരെ ബാധിച്ചേക്കാമെന്ന് റിപ്പോർട്ട്. ഇതനുസരിച്ച് ചില യാത്രക്കാർക്ക് തങ്ങളുടെ സോഷ്യൽ മീഡിയ ഉപയോഗം സംബന്ധിച്ച വിവരങ്ങൾ നിർബന്ധമായും പങ്കുവയക്കേണ്ടി വരും. 2025 ഡിസംബർ 10-നാണ് ഈ അറിയിപ്പ് പുറത്തിറക്കിയത്.
പുതിയ നിർദ്ദേശം പ്രാവർത്തികമായാൽ, ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷന് (ESTA) അപേക്ഷിക്കുന്നവർ കഴിഞ്ഞ അഞ്ച് വർഷത്തെ സോഷ്യൽ മീഡിയ വിവരങ്ങൾ നൽകേണ്ടിവരും. ഭീകരവാദത്തിൽ നിന്നും സുരക്ഷാ ഭീഷണികളിൽ നിന്നും യുഎസിനെ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് CBP പറയുന്നത്. കനേഡിയൻ പാസ്‌പോർട്ടുള്ള കാനഡക്കാർക്ക് ESTA ആവശ്യമില്ലാത്തതിനാൽ ഈ നിയമത്തിൽ നിന്ന് അവർക്ക് ഇളവ് ലഭിച്ചേക്കും. എന്നാൽ, വിസ ഒഴിവാക്കൽ കരാറുള്ള (Visa Waiver Program) രാജ്യങ്ങളിലെ പൗരന്മാരായ കാനഡയിലെ താമസക്കാർ ഈ പുതിയ നിയമങ്ങൾ പാലിക്കേണ്ടി വരും.
കഴിഞ്ഞ അഞ്ച് വർഷത്തെ ഫോൺ നമ്പറുകൾ, കഴിഞ്ഞ പത്ത് വർഷത്തെ ഇമെയിൽ വിലാസങ്ങൾ എന്നിവയുൾപ്പെടെ കൂടുതൽ വ്യക്തിഗത വിവരങ്ങളും ഈ നിർദ്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്.കുടുംബാംഗങ്ങളുടെ ഫോൺ നമ്പറുകൾ, ജനനത്തീയതി, താമസസ്ഥലം പോലുള്ള വിവരങ്ങളും ചിലപ്പോൾ നൽകേണ്ടിവരും.ESTA അപേക്ഷകർ വിരലടയാളം, മുഖം സ്കാൻ ചെയ്യൽ, ഡിഎൻഎ, ഐറിസ് സ്കാനുകൾ തുടങ്ങിയ ബയോമെട്രിക് വിവരങ്ങളും നൽകേണ്ടി വരും.CBP നിലവിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിക്കുന്നുണ്ട്. 2025-ൽ 55,000-ത്തിലധികം ഉപകരണങ്ങൾ ഇങ്ങനെ പരിശോധിക്കപ്പെട്ടു.