'ദേശി-ലിഷ്യസ് കുൽഫി ഐസ്‌ക്രീം സ്റ്റിക്‌സ്' തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ച് കോസ്റ്റ്‌കോ കാനഡ. 2025 ഡിസംബർ നാലിനാണ് ഇക്കാര്യം അറിയിച്ചത്. 2024 ഒക്‌ടോബർ 17-നും 2025 ഡിസംബർ 2-നും ഇടയിൽ കോസ്റ്റ്‌കോ വെയർഹൗസുകളിലും ബിസിനസ് സെൻ്ററുകളിലും വിറ്റഴിച്ചിരുന്ന ഐസ്ക്രീമാണ് തിരിച്ചു വിളിച്ചിരിക്കുന്നത്.
ഐസ്ക്രീമിൻ്റെ നിർമ്മാതാക്കളായ ജെൽഡാ ഫുഡ്‌സ് അറിയിച്ചതനുസരിച്ച്, ചില ബാച്ച് ഉൽപ്പന്നങ്ങളിൽ സാൽമൊണല്ല ബാക്ടീരിയയുടെ അംശം കലരാൻ സാധ്യതയുണ്ട്. തിരിച്ചുവിളിച്ച ബോക്സുകളിൽ 14 എണ്ണം വീതമുള്ള, ലാക്ടോസ് രഹിതമായ ഇന്ത്യൻ ശൈലിയിലുള്ള ഐസ്‌ക്രീം സ്റ്റിക്കുകളാണ് അടങ്ങിയിരിക്കുന്നത്. ഇതിൽ മലായ് മസ്തി, പിസ്ത പാഷൻ എന്നീ രണ്ട് ഫ്ലേവറുകളാണുള്ളത്. ബാധിക്കപ്പെട്ട ഐസ്‌ക്രീം കഴിക്കുകയോ, വിതരണം ചെയ്യുകയോ, വിൽക്കുകയോ ചെയ്യരുതെന്ന് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് വാങ്ങിയവർക്ക് ഉൽപ്പന്നം കോസ്റ്റ്‌കോയിൽ തിരികെ നൽകി മുഴുവൻ പണവും തിരികെ വാങ്ങാവുന്നതാണ്.
സാൽമൊണല്ല അണുബാധയുണ്ടായ ഭക്ഷണം കാഴ്ചയിലോ മണത്തിലോ സാധാരണയായി തോന്നാമെന്നതിനാൽ അസുഖം പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. പനി, തലവേദന, ഓക്കാനം, ഛർദ്ദി, വയറുവേദന, വയറിളക്കം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ.കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ഈ രോഗം കൂടുതൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. അതിനാൽ, ഉപഭോക്താക്കൾ പാക്കേജിലെ ലോട്ട് കോഡുകൾ പരിശോധിക്കാനും തിരിച്ചുവിളിച്ച ബാച്ചുകൾ ഒഴിവാക്കാനും ശ്രദ്ധിക്കണം.