ബ്രൂക്ക്‌സിൽ കുടിയേറ്റ വിരുദ്ധവും വംശീയ വിദ്വേഷപരവുമായ ചുവരെഴുത്തുകൾ; RCMP അന്വേഷണം ആരംഭിച്ചു

By: 600110 On: Dec 10, 2025, 1:44 PM

 ബ്രൂക്ക്‌സ് നഗരത്തിൽ കുടിയേറ്റ വിരുദ്ധവും വംശീയ വിദ്വോഷവും ഉള്ള  ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതിൽ  റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) അന്വേഷണം തുടങ്ങി. White Supremacy, കുടിയേറ്റ വിരുദ്ധ സന്ദേശങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒമ്പതോളം സംഭവങ്ങളാണ് ഒക്ടോബർ 1 നും നവംബർ 26 നും ഇടയിൽ റിപ്പോർട്ട് ചെയ്തത്.

നഗരത്തിലെ പൊതു സൗകര്യങ്ങൾ, പാർക്കുകളിലെ ബാത്ത്റൂമുകൾ, തെരുവോരത്തെ സിഗ്നൽ ബോർഡുകൾ, കാസൽസ് റോഡിലെ മീഡിയൻ എന്നിവിടങ്ങളിലാണ് ഈ വിദ്വേഷ സന്ദേശങ്ങൾ സ്പ്രേ പെയിൻ്റ് ചെയ്തതായി കണ്ടെത്തിയത്. ഇതിന് പുറമെ, ട്രാഫിക് ചിഹ്നങ്ങളിൽ 'വൈറ്റ് ലൈവ്സ് മാറ്റർ' എന്നെഴുതിയ സ്റ്റിക്കറുകളും ഒട്ടിച്ചിരിക്കുന്നതായി നഗരസഭ അധികൃതർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ നഗരത്തിലെ വൈവിധ്യമാർന്ന സമൂഹത്തിന് ഭീഷണിയാണ് എന്നും, ഇവ നീക്കം ചെയ്യാൻ അധിക ചെലവ് വരുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

ഈ വിദ്വേഷ പ്രവൃത്തികൾ വ്യക്തികളെയും സമൂഹങ്ങളെയും ലക്ഷ്യം വെച്ചുള്ളതാണെന്നും, ഇത് തങ്ങളുടെ നഗരത്തിന് യോജിച്ചതല്ലെന്നും RCMP പ്രസ്താവനയിൽ പറഞ്ഞു. വർധിച്ചുവരുന്ന ഈ വിദ്വേഷ കുറ്റകൃത്യങ്ങളെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. കുടിയേറ്റക്കാർ ധാരാളമുള്ള ഒരു നഗരമാണ് ബ്രൂക്ക്‌സ്.  ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്തവരെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നുണ്ട്.  എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും പെട്ടെന്ന് 403-794-4400 എന്ന നമ്പറിൽ പോലീസിനെ അറിയിക്കണമെന്ന് RCMP അഭ്യർത്ഥിച്ചു.