എഡ്മൻ്റൺ നഗരത്തിൽ 100 ഡോളറിൻ്റെ കള്ളനോട്ടുകൾ വ്യാപകമാവുന്നതിനെക്കുറിച്ച് പൊതുജനങ്ങൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകി. ഒരേ സീരിയൽ നമ്പർ ഉള്ള കള്ളനോട്ടുകൾ പ്രചരിക്കുന്നതായാണ് റിപ്പോർട്ട്. കുറഞ്ഞത് ഒമ്പത് കേസുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഫേസ്ബുക്ക് മാർക്കറ്റ്‌പ്ലേസ് വഴിയുള്ള വിൽപ്പനകളിൽ മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങാനാണ് പ്രതികൾ ഈ വ്യാജ നോട്ടുകൾ കൂടുതലായി ഉപയോഗിക്കുന്നത്.
യഥാർത്ഥ നോട്ടുകൾക്ക് ഓരോന്നിനും തനതായ സീരിയൽ നമ്പർ ഉണ്ടായിരിക്കും. കൂടാതെ, നോട്ടുകളുടെ രൂപത്തിലും സ്പർശിക്കുമ്പോഴുള്ള ഘടനയിലും കള്ളനോട്ടുകളുമായി വ്യത്യാസങ്ങളുണ്ട്. അതിനാൽ, കള്ളനോട്ടുകൾ തിരിച്ചറിയാൻ അധികൃതർ നൽകുന്ന വിവരങ്ങൾ ശ്രദ്ധിക്കണമെന്ന് പോലീസ് ബിസിനസ്സ് ഉടമകളോടും ഉപഭോക്താക്കളോടും അഭ്യർത്ഥിച്ചു. കള്ളനോട്ട് തട്ടിപ്പിൽ അകപ്പെടുന്നത് തടയാനായി, ഓൺലൈൻ വിൽപ്പനക്കാർക്ക് പോലീസ് ചില നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഇതിൻ്റെ ഭാഗമായി സംശയകരമായ സാഹചര്യങ്ങളോ ആളുകളോ ആയി ഇടപെഴകേണ്ടി വരുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പൊലീസ് പറഞ്ഞു.
സാധനങ്ങൾ വിൽക്കുന്നതിനായി നഗരത്തിലെ നാല് പോലീസ് സ്റ്റേഷൻ പാർക്കിംഗ് സ്ഥലങ്ങളിൽ വീഡിയോ ക്യാമറകൾ സ്ഥാപിച്ച സുരക്ഷിതമായ Buy and Sell Exchange Zones ഒരുക്കിയിട്ടുണ്ട്. ആളുകൾ ഈ സൗകര്യം ഉപയോഗിക്കണം. കള്ളനോട്ടുകൾ സ്വീകരിക്കേണ്ടി വന്നാൽ, ആ നഷ്ടം സ്വീകരിക്കുന്ന വ്യക്തിക്ക് തന്നെയായിരിക്കും ബാങ്ക് ഓഫ് കാനഡയിൽ നിന്ന് ഇതിന് റീഇംബേഴ്‌സ്‌മെന്റ് ലഭിക്കുകയില്ല. അതിനാൽ, കള്ളനോട്ടുകൾ ലഭിക്കുന്നവർ അത് എത്രയും പെട്ടെന്ന് പ്രാദേശിക പോലീസ് ഏജൻസിയിൽ റിപ്പോർട്ട് ചെയ്യണം.