കാനഡയിൽ വൻ എഐ നിക്ഷേപവുമായി മൈക്രോസോഫ്റ്റ്

By: 600110 On: Dec 10, 2025, 1:33 PM

 

ഗ്ലോബൽ ടെക് ഭീമനായ മൈക്രോസോഫ്റ്റ് കാനഡയിൽ വലിയ നിക്ഷേപം നടത്താൻ ഒരുങ്ങുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ശേഷി വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഇത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ $7.5 ബില്യൺ കനേഡിയൻ ഡോളറിലധികം നിക്ഷേപം നടത്താനാണ് കമ്പനിയുടെ പദ്ധതി. ഇതോടെ 2023 മുതൽ 2027 വരെയുള്ള കാലയളവിലെ മൈക്രോസോഫ്റ്റിൻ്റെ കാനഡയിലെ മൊത്തം എഐ നിക്ഷേപം $19 ബില്യൺ കനേഡിയൻ ഡോളറിലെത്തും. കാനഡയിലെ എഐ വികസനവുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളിലൊന്നാണിത്.

ഈ നിക്ഷേപം കാനഡയിലെ ഡാറ്റാ സെൻ്റർ ശൃംഖല വിപുലീകരിക്കുന്നതിനും, സൈബർ സുരക്ഷാ സംരക്ഷണത്തിനായി ഒരു പ്രത്യേക ത്രെഡ് ഇൻ്റലിജൻസ് ഹബ്ബ് സ്ഥാപിക്കുന്നതിനും സഹായകമാകും. ഈ വൻ നിക്ഷേപം കാനഡയിലെ സാങ്കേതിക മേഖലയ്ക്ക് പുതിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഐ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയും കനേഡിയൻ എഐ സ്റ്റാർട്ടപ്പുകളുമായുള്ള സഹകരണത്തിലൂടെയും രാജ്യത്ത് നൂതന സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് മൈക്രോസോഫ്റ്റ് പിന്തുണ നൽകും. കനേഡിയൻ സർക്കാരിനും നിയമ നിർമ്മാണ പങ്കാളികൾക്കും ഒപ്പം ചേർന്ന് സൈബർ സുരക്ഷാ ഭീഷണികളെ ട്രാക്ക് ചെയ്യുന്നതിനും, എഐ സുരക്ഷാ ഗവേഷണങ്ങൾക്കും ഈ നിക്ഷേപം ഉപകരിക്കും.