എ.പി. ധില്ലൻ്റെ വീട് ആക്രമിച്ച കേസിലെ പ്രതി കാനഡയിൽ തുടർന്നത് വിസ കാലാവധി കഴിഞ്ഞതിന് ശേഷമെന്ന് റിപ്പോർട്ട്

By: 600110 On: Dec 10, 2025, 1:22 PM

 

പഞ്ചാബി സംഗീതജ്ഞൻ എ.പി. ധില്ലൻ്റെ വീട് ആക്രമിച്ച കേസിലെ പ്രതിയായ വിക്രം ശർമ്മ കാനഡയിൽ തുടർന്നത് വിസ കാലാവധി കഴിഞ്ഞതിന് ശേഷമെന്ന് റിപ്പോർട്ട്. 2024 ഒക്ടോബർ ഒൻപതിന് ടൊറൻ്റോ പിയേഴ്സൺ വിമാനത്താവളം വഴി കാനഡ വിട്ട ഇയാൾ ഇപ്പോൾ ഇന്ത്യയിലാണെന്നാണ് കരുതപ്പെടുന്നത്. 2024 സെപ്റ്റംബറിൽ, പഞ്ചാബി സംഗീതജ്ഞൻ എ.പി. ധില്ലൻ്റെ വാൻകൂവറിലുള്ള  വീട്ടിലെ കാറുകൾ കത്തിച്ചതിനും വെടിയുതിർത്തതിനും ശർമ്മയും അഭ്ജീത് കിൻഗ്രയും പ്രതികളാണ്.

ബ്രിട്ടീഷ് കൊളംബിയയിൽ നടന്ന രണ്ട് പ്രധാന കവർച്ചാ കേസുകളിൽ പ്രതിയായ വിക്രം ശർമ്മ കാലാവധി കഴിഞ്ഞ വിദ്യാർത്ഥി വിസയിൽ നിയമവിരുദ്ധമായി കാനഡയിൽ താമസിക്കുകയായിരുന്നു. 24 വയസ്സുള്ള വിക്രം ശർമ്മ 2022 ജൂണിലായിരുന്നു കാനഡയിൽ പ്രവേശിച്ചത്. എന്നാൽ ഇയാളുടെ വിസയുടെ കാലാവധി 2024 ഏപ്രിലിൽ അവസാനിച്ചു.വിസ പുതുക്കുന്നതിനായി വ്യാജ രേഖകൾ ഉപയോഗിക്കാൻ ശ്രമിച്ചതിന് ഇയാളെ നേരത്തെ തന്നെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 

ബോളിവുഡ് താരം സൽമാൻ ഖാനെ ധില്ലൻ ഒരു മ്യൂസിക് വീഡിയോയിൽ ഉൾപ്പെടുത്തിയതാണ് ആക്രമണത്തിന് കാരണം. ഇന്ത്യയിലെ ലോറൻസ് ബിഷ്‌ണോയി സംഘമാണ് ഇത് ചെയ്യാൻ ഉത്തരവിട്ടത്. കിൻഗ്ര വെടിവെപ്പ് ചിത്രീകരിക്കുകയും,  ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അത് ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സറേയിൽ നടന്നൊരു കവർച്ചാ ഭീഷണിയുമായി ബന്ധപ്പെട്ട തീവെപ്പ്, വെടിവെപ്പ് കേസുകളിലും ഇവർ പ്രതികളാണ്.കിൻഗ്ര കുറ്റം സമ്മതിക്കുകയും ആറ് വർഷം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. ഇയാൾ നിലവിൽ ശിക്ഷ അനുഭവിച്ച് വരികയാണ്.