രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ പത്ത്ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കുകയും പ്രതിസന്ധി നേരിടുകയും ചെയ്തതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.
നിലവില്‍ വിമാനസര്‍വീസുകള്‍ സാധാരണനിലയിലായെന്നും പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുണ്ടെന്നും ഇന്‍ഡിഗോ അവകാശപ്പെട്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ നടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു.
ദിവസവും 2,200 ഓളം സര്‍വീസുകള്‍ നടത്തുന്ന വിമാനക്കമ്പനിയാണ് ഇന്‍ഡിഗോ. പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതോടെ 200 ലധികം വിമാനസര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരും.
ചൊവ്വാഴ്ച ഇന്‍ഡിഗോയുടെ ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത യോഗത്തിന് പിന്നാലെയാണ് പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിട്ടതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു അറിയിച്ചു.