കാനഡയിൽ ഏറ്റവും കൂടുതൽ എലികളുള്ള' നഗരമായി വീണ്ടും ടൊറൻ്റോ

By: 600110 On: Dec 10, 2025, 9:27 AM

കാനഡയിൽ ഏറ്റവും കൂടുതൽ എലികളുള്ള നഗരങ്ങളുടെ പട്ടികയിൽ ടൊറൻ്റോ ഒന്നാം സ്ഥാനത്ത് എത്തി. തുടർച്ചയായ രണ്ടാം വർഷമാണ് ടൊറൻ്റോ ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും നടത്തിയ എലി നിയന്ത്രണ നടപടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിംഗ് തയ്യാറാക്കിയത്.

വിക്ടോറിയ,വാൻകൂവർ, ബേൺബി, റിച്ച്മണ്ട് എന്നീ സ്ഥലങ്ങളും ആദ്യ അഞ്ചിൽ ഇടം നേടി.മിസ്സിസാഗ, കിലോന, ഓട്ടവ, സ്കാർബറോ, മോൺക്ടൺ എന്നിവയാണ് ആദ്യത്തെ 10 സ്ഥാനങ്ങളിൽ ഉൾപ്പെട്ട മറ്റു നഗരങ്ങൾ. ഓട്ടവയും മോൺക്ടണും ഈ വർഷം ആദ്യ പത്തിൽ തിരിച്ചെത്തിയത്, എലികളുടെ സാന്നിധ്യം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിൻ്റെ സൂചന നൽകുന്നുവെന്ന് വിദഗ്ധർ പറയുന്നു. ഒൻ്റാരിയോയിലെ മറ്റ് പ്രധാന നഗരങ്ങളായ മിസ്സിസാഗ,ഓട്ടവ, സ്കാർബറോ, സഡ്ബറി, മാർഖാം, എറ്റോബിക്കോക്ക്, നോർത്ത് യോർക്ക്, ബ്രാംപ്ടൺ എന്നിവയും മുന്നിരയിലുണ്ട്. പ്രവിശ്യയിലുടനീളം എലിശല്യം വർധിച്ചു വരുന്നതായാണ് പട്ടികയിലെ കണക്കുകൾ വ്യക്തമാക്കുന്നത്.

എലികളെ അകറ്റി നിർത്തുന്നതിനായി കെട്ടിടങ്ങളിൽ നിന്ന് കുറഞ്ഞത് ഒരു മീറ്റർ അകലത്തിൽ മരങ്ങളും കുറ്റിച്ചെടികളും വെട്ടിമാറ്റണമെന്ന് വിദഗ്ധർ നിർദ്ദേശിച്ചു. ലീക്കുകൾ നന്നാക്കുകയും, വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയും,എലിയുടെ കാഷ്ഠം, മാളങ്ങൾ എന്നിവയുണ്ടോയെന്ന് പരിശോധിക്കുകയും വേണം. കാൽ ഇഞ്ചിനേക്കാൾ വലുപ്പമുള്ള വിള്ളലുകൾ അടയ്ക്കുകയും, ഭക്ഷണം അടച്ച പാത്രങ്ങളിൽ സൂക്ഷിക്കുകയും വേണം. ഭക്ഷണാവശിഷ്ടങ്ങൾ   അപ്പപ്പോൾ തന്നെ  വൃത്തിയാക്കുകയും വാതിലുകളിൽ വെതർ സ്ട്രിപ്പിംഗ്  സ്ഥാപിക്കുകയും വേണമെന്നും വിദഗ്ധർ പറയുന്നു.