പേവിഷബാധയുള്ള വ്യക്തിയിൽ നിന്ന് വൃക്ക സ്വീകരിച്ചതിനെ തുടർന്ന് മിഷിഗണിൽ നിന്നുള്ള ഒരാൾ മരിച്ചു. 2024 ഡിസംബറിൽ ഒഹായോയിലെ ഒരു ആശുപത്രിയിലായിരുന്നു ഈ ശസ്ത്രക്രിയ നടന്നത്. വൃക്ക മാറ്റിവെച്ച് ഏകദേശം അഞ്ച് ആഴ്ചകൾക്ക് ശേഷം ഇദ്ദേഹത്തിന് വിറയൽ, കാലുകൾക്ക് ബലക്കുറവ്, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം ഏഴ് ദിവസത്തിനുള്ളിൽ അദ്ദേഹം മരണപ്പെട്ടു.
പരിശോധനകളിലൂടെ ഡോക്ടർമാർ പേവിഷബാധ സ്ഥിരീകരിച്ചു. എന്നാൽ മൃഗങ്ങളുമായി യാതൊരു സമ്പർക്കവും ഉണ്ടായിരുന്നില്ലെന്ന് ഇദ്ദേഹത്തിൻ്റെ കുടുംബം അറിയിച്ചു.പിന്നീടാണ് വൃക്ക നല്കിയ ആളിൽ നിന്നാണ് രോഗം ഉണ്ടായതെന്ന് കണ്ടെത്തിയത്. ഒരു പൂച്ചക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്കങ്ക് എന്ന മൃഗം ഇദ്ദേഹത്തെ മാന്തുകയായിരുന്നു. എന്നാൽ ഇത് കാര്യമാക്കാതിരുന്നതിനാൽ അദ്ദേഹം ചികിത്സ തേടിയില്ല. അഞ്ച് ആഴ്ചകൾക്ക് ശേഷം, ഇദ്ദേഹത്തിനും രോഗലക്ഷണങ്ങൾ അനുഭവപ്പെട്ട് തുടങ്ങി. ഏതാനും ദിവസങ്ങൾക്ക് ശേഷം മരണം സംഭവിക്കുകയും ചെയ്തു. ഇദ്ദേഹത്തിൻ്റെ ഇടത് വൃക്ക, ഹൃദയം, ശ്വാസകോശം, കണ്ണിലെ കോർണിയ എന്നിവ ദാനം ചെയ്തിരുന്നു. എന്നാൽ ദാതാവിൽ നടത്തിയ പ്രാഥമിക പരിശോധനകളിൽ പേവിഷബാധ കണ്ടെത്താൻ കഴിഞ്ഞില്ല.
പിന്നീട് നടത്തിയ ബയോപ്സി പരിശോധനകളിൽ സിൽവർ-ഹെയർഡ് ബാറ്റ് എന്ന ഇനം വവ്വാലുമായി ബന്ധമുള്ള പേവിഷ വൈറസാണ് കണ്ടെത്തിയത്. ഇതോടെ, വവ്വാലിൽ നിന്ന് സ്കങ്കിനും, സ്കങ്കിൽ നിന്ന് ദാതാവിനും, ദാതാവിൽ നിന്ന് സ്വീകർത്താവിനും രോഗം പകർന്നുവെന്ന നിഗമനത്തിലെത്തുകയായിരുന്നു. പേവിഷബാധ സ്ഥിരീകരിച്ചതിന് ശേഷം, കോർണിയ സ്വീകരിച്ചവർക്ക് ചികിത്സ നൽകി, തുടർന്ന് മറ്റ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.