നോർത്ത് യോർക്കിൽ കാറുകളുടെ ടയറുകൾ പഞ്ചറാക്കിയ ആൾ അറസ്റ്റിൽ

By: 600110 On: Dec 10, 2025, 9:14 AM

നോർത്ത് യോർക്കിൽ കാറുകളുടെ ടയറുകൾ പഞ്ചറാക്കിയ കേസിൽ ഒരാളെ ടൊറൻ്റോ പോലീസ് അറസ്റ്റ് ചെയ്തു.പ്രതിയായ ടൊറൻ്റോ സ്വദേശി അബ്ദിഫത അഡ്ഡക്കെതിരെ നാശനഷ്ടം വരുത്തിയതിനും, രണ്ട് തവണ കോടതി ഉത്തരവുകൾ ലംഘിച്ചതിനും കേസെടുത്തിട്ടുണ്ട്. ഡിസംബർ 4 വ്യാഴാഴ്ച, ജെയിൻ സ്ട്രീറ്റിനും വിൽസൺ അവന്യൂവിനും സമീപമായിരുന്നു സംഭവം. രാത്രി 8 മണിയോടെ ഒരാൾ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് കാറിൻ്റെ ടയർ പഞ്ചറാക്കുന്നത് ഉദ്യോഗസ്ഥർ കണ്ടതായി പോലീസ് പറഞ്ഞു. സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിൻ്റെ ടയറും സമാനമായ രീതിയിൽ കേടായ നിലയിൽ കണ്ടെത്തി.

ഇതേ പ്രദേശത്തുള്ള, മറ്റൊരു ഡ്രൈവർ ടയർ പഞ്ചറായത് അറിയാതെ വാഹനം ഓടിച്ച് അപകടത്തിൽപ്പെട്ടതായും പോലീസ് കണ്ടെത്തി. അറസ്റ്റിലായ ആൾക്ക് ഇതുമായി ബന്ധമുണ്ടോയെന്നും പോലീസ്  പരിശോധിച്ചു വരികയാണ്. ടയറിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ പ്രദേശവാസികളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചറായ ടയറുമായി വാഹനം ഓടിച്ചാൽ, വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സമാനമായ കേടുപാടുകൾ ശ്രദ്ധയിൽപ്പെട്ടവരോ വിവരങ്ങൾ ലഭിച്ചവരോ പോലീസുമായി ബന്ധപ്പെടണം.