പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി.സി: ആമസോണ്‍ വഴി വിറ്റഴിച്ച 2 ലക്ഷത്തിലധികം പോര്‍ട്ടബിള്‍ ലിഥിയം-അയണ്‍ ബാറ്ററി പവര്‍ ബാങ്കുകള്‍ തീപിടിക്കാനും പൊള്ളലേല്‍ക്കാനുമുള്ള സാധ്യത കണക്കിലെടുത്ത് തിരിച്ചുവിളിച്ചു. കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷനാണ് (CPSC) ഇക്കാര്യം അറിയിച്ചത്.
INIU കമ്പനിയുടെ 10,000mAh പോര്‍ട്ടബിള്‍ പവര്‍ ബാങ്കുകളാണ് തിരിച്ചുവിളിച്ചത് (മോഡല്‍: BI-B41). കറുപ്പ് അല്ലെങ്കില്‍ നീല നിറത്തിലുള്ള ഇതിന് മുന്‍വശത്ത് INIU ലോഗോയും കാല്‍പ്പാദത്തിന്റെ ആകൃതിയിലുള്ള എല്‍ഇഡി ലൈറ്റും ഉണ്ടാകും. 2021 ഓഗസ്റ്റിനും 2022 ഏപ്രിലിനും ഇടയില്‍ ആമസോണ്‍ വഴിയാണ് ഇവ വിറ്റഴിച്ചത്.
ഈ പവര്‍ ബാങ്കുകള്‍ അമിതമായി ചൂടാവുകയും തീപിടിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചെറിയ പൊള്ളലുകളും സ്വത്ത് നാശനഷ്ടങ്ങളും ഉള്‍പ്പെടെ 15 പരാതികള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്.
000G21, 000H21, 000I21, 000L21 എന്നീ സീരിയല്‍ നമ്പറുകളുള്ള പവര്‍ ബാങ്കുകള്‍ മാത്രമാണ് തിരിച്ചുവിളിച്ചത്. ഈ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നത് ഉടന്‍ നിര്‍ത്തുക. പൂര്‍ണ്ണമായ റീഫണ്ടിനായി INIUന്റെ വെബ്സൈറ്റ് റീക്കോള്‍ പേജില്‍ സീരിയല്‍ നമ്പര്‍ പരിശോധിച്ച് രജിസ്റ്റര്‍ ചെയ്യുക. ലിഥിയം-അയണ്‍ ബാറ്ററികള്‍ സാധാരണ മാലിന്യമായി ഉപേക്ഷിക്കരുതെന്നും HHW (Household Hazardous Waste) കളക്ഷന്‍ സെന്ററുമായി ബന്ധപ്പെട്ട് സുരക്ഷിതമായി നീക്കം ചെയ്യണമെന്നും CPSC നിര്‍ദ്ദേശിച്ചു.