കാൽഗറിയിൽ കമ്പ്യൂട്ടർ വാങ്ങാനെന്ന വ്യാജേന എത്തിയവർ വീട്ടുടമയെ ആക്രമിച്ചു

By: 600110 On: Dec 9, 2025, 9:46 AM

ഫേസ്ബുക്ക് മാർക്കറ്റ്‌പ്ലേസ് വഴി കമ്പ്യൂട്ടർ വില്പനയ്ക്ക് വച്ച ജേസൺ എന്നയാൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കമ്പ്യൂട്ടർ വാങ്ങാൻ എന്ന വ്യാജേനയെത്തിയ രണ്ട് പേരും മാസ്ക് ധരിച്ചിരുന്നു. തണുപ്പ് കാരണമാണ് അവർ മാസ്ക് ധരിച്ചിരുന്നതെന്നാണ് ജേസൺ കരുതിയത്. എന്നാൽ പെട്ടെന്ന് അവരിലൊരാൾ ജേസന്റെ മുഖത്തേക്ക് ബെയർ സ്പ്രേ പ്രയോഗിച്ചു. തുടർന്ന് ആക്രമിക്കുകയായിരുന്നു.

ഇതിനിടെ ജേസൻ്റെ നിലവിളി കേട്ട് ജേസൻ്റെ ഭാര്യ സഹായത്തിനായി ഓടിയെത്തി. എന്നാൽ അക്രമികൾ ജേസനെ പുറത്തേക്ക് വലിച്ചിഴയ്ക്കുകയും അടിക്കുകയും തലയ്ക്ക് ഇടിക്കുകയും ചെയ്തു.തുടർന്ന് പിടിവലികൾക്ക് ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. കാൽഗറിയിൽ സമാനമായ കവർച്ചകൾ നടന്നിട്ടുണ്ടെന്ന് ജേസൺ പിന്നീട് അറിഞ്ഞു. നഗരത്തിലുടനീളം ഇത്തരം ഓൺലൈൻ മാർക്കറ്റ്‌പ്ലേസ് വഴിയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുകയാണെന്ന് കാൽഗരി പോലീസ് ഇൻസ്‌പെക്ടർ ജേസൺ വാക്കർ സ്ഥിരീകരിച്ചു. അതിനാൽ വീടുകൾ കേന്ദ്രീകരിച്ചുള്ള വിൽപ്പന ഒഴിവാക്കണമെന്നും അവർ നിർദ്ദേശിച്ചു. പകരം, പോലീസ് സ്റ്റേഷനുകളുടെ പാർക്കിംഗ് ലോട്ടുകൾ പോലുള്ള പൊതു ഇടങ്ങൾ തിരഞ്ഞെടുക്കണമെന്നും അവർ പറഞ്ഞു.