ടൊറൻ്റോയിലെ ടിടിസിയുടെ യാത്രാനിരക്കിൽ ഫെയർ കാപ്പിങ് സംവിധാനം നടപ്പിലാക്കും,47 തവണ യാത്ര ചെയ്യുന്നവർക്ക് പിന്നീടുള്ള യാത്ര സൌജന്യം

By: 600110 On: Dec 9, 2025, 9:44 AM

ടൊറൻ്റോയിലെ TTC-യുടെ യാത്രാനിരക്കിൽ ഫെയർ കാപ്പിങ് സംവിധാനം നടപ്പിലാക്കുമെന്ന് മേയർ ഒലീവിയ ചൗ. 2026 സെപ്റ്റംബർ മുതലായിരിക്കും ഇത് നടപ്പിലാവുക. ഇതനുസരിച്ച് , ഒരു മാസം 47 തവണ യാത്ര ചെയ്യുന്നവർക്ക്, അതിനുശേഷമുള്ള എല്ലാ യാത്രകളും സൗജന്യമായിരിക്കും.

യാത്രക്കാർക്ക് പതിവുപോലെ ഫോൺ, പ്രെസ്റ്റോ കാർഡ്, അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിക്കാം. 47 തവണ ടാപ്പ് ചെയ്ത ശേഷം സൗജന്യ യാത്രകൾ യാന്ത്രികമായി പ്രാബല്യത്തിൽ വരും. നിലവിൽ, മുതിർന്നവർക്കുള്ള പ്രതിമാസ പാസിന് $156 ആണ് വില. ഒറ്റത്തവണ ടിക്കറ്റിന് $3.30 മുതൽ $3.35 വരെയാണ് നിരക്ക്. അതായത്, 47 യാത്രകൾ എന്നത് ഏകദേശം നിലവിലെ പ്രതിമാസ പാസിൻ്റെ ചെലവിന് തുല്യമാകും. 2027 ഓടെ ഈ പ്രതിമാസ പരിധി 40 യാത്രകൾ ആയി കുറയ്ക്കാനും പദ്ധതിയിടുന്നുണ്ട്.

പുതിയ മാറ്റത്തിലൂടെ നഗരത്തിന് പ്രതിവർഷം $3.5 ദശലക്ഷം ഡോളർ അധികം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഇതിലൂടെ യാത്രക്കാരുടെ എണ്ണം ദശലക്ഷക്കണക്കിന് വർദ്ധിക്കാനും സാധ്യതയുണ്ട്. ഫെയർ കാപ്പിംഗ് നിലവിൽ ഹാമിൽട്ടൺ, യോർക്ക് റീജിയൺ, ഓട്ടവ തുടങ്ങിയ ട്രാൻസിറ്റ് ഏജൻസികളിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.