പി പി ചെറിയാന്‍
ഡാലസ്: ഡാലസിലെ റെഡ് ബേര്‍ഡ് ഏരിയയിലുള്ള ഒരു ഇവന്റ് സെന്ററില്‍ ശനിയാഴ്ച രാത്രിയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ വെടിവെച്ചയാളും ഉള്‍പ്പെടുന്നു.
ശനിയാഴ്ച രാത്രി 10 മണിയോടെ വെര്‍ബസെന്‍ഡ് ക്രിയേഷന്‍സ് & ഇവന്റ് വെന്യൂവില്‍ ഒരു വഴക്കിനെ തുടര്‍ന്നാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് ഡാലസ് പോലീസ് നല്‍കുന്ന സൂചന.
വെടിവെപ്പില്‍ അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ഒരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. പരിക്കേറ്റ മറ്റ് നാല് പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ക്ക് ജീവന്‍ അപകടത്തിലാക്കുന്ന പരിക്കുകളില്ല.
വെടിവെച്ചയാളുടെയും പരിക്കേറ്റവരുടെയും വിവരങ്ങളോ, സംഭവത്തിന് പിന്നിലെ കൃത്യമായ കാരണമോ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പോലീസ് സംഭവസ്ഥലത്ത് അന്വേഷണം തുടരുകയാണ്.