സ്വകാര്യ ക്ലിനിക്കുകളിൽ പൊതുജനങ്ങൾക്ക് സൌജന്യ ശസ്ത്രക്രിയകൾ ലഭ്യമാക്കാൻ ഒൻ്റാരിയോ സർക്കാർ. ഇതനുസരിച്ച് ഒൻ്റാരിയോയിൽ അടുത്ത വർഷം ആദ്യം മുതൽ സ്വകാര്യ ക്ലിനിക്കുകളിൽ ഇടുപ്പ്, മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്താൻ പൊതുഫണ്ട് അനുവദിക്കും. സ്വകാര്യ കേന്ദ്രങ്ങൾ വഴി പൊതുജനങ്ങൾക്ക് സൗജന്യ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ അടുത്ത ഘട്ടമാണിതെന്ന് ആരോഗ്യ മന്ത്രി സിൽവിയ ജോൺസ് പറഞ്ഞു.
ഈ പദ്ധതിക്കായി രണ്ട് വർഷത്തിനുള്ളിൽ $125 ദശലക്ഷം ഡോളർചെലവഴിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.ഇത് വഴി പ്രവിശ്യയിൽ ഉടനീളം 20,000 ഓർത്തോപീഡിക് ശസ്ത്രക്രിയകൾ അധികമായി നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശുപാർശ ചെയ്യുന്ന സമയപരിധിക്കുള്ളിൽ തന്നെ 90 ശതമാനം രോഗികൾക്കും ശസ്ത്രക്രിയ ലഭിക്കുക എന്നതാണ് ലക്ഷ്യം. നിലവിൽ ഏകദേശം 80 ശതമാനം രോഗികൾക്ക് മാത്രമാണ് ഈ സമയപരിധി പാലിക്കാൻ കഴിയുന്നത്. ഇടുപ്പ്, മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കായി തിരഞ്ഞെടുക്കപ്പെട്ട നാല് സ്വകാര്യ ക്ലിനിക്കുകൾ ടൊറൻ്റോ,ഓട്ടവ, വിൻഡ്‌സർ, റിച്ച്മണ്ട് ഹിൽ എന്നിവിടങ്ങളിലാണ്. 2026-ൻ്റെ തുടക്കം മുതൽ തന്നെ ഇവിടെ ശസ്ത്രക്രിയകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ ഇതിനെതിരെ വിമർശനവും ഉയരുന്നുണ്ട്. സ്വകാര്യ ക്ലിനിക്കുകളിൽ നിക്ഷേപം നടത്തുന്നതിനു പകരം സർക്കാർ ആശുപത്രികളിൽ നിക്ഷേപിക്കണമെന്നാണ് വിമർശകരുടെ വാദം. വർദ്ധിച്ചുവരുന്ന ആവശ്യം കൈകാര്യം ചെയ്യാൻ തങ്ങൾക്ക് അധികമായി ഒരു ബില്യൺ ഡോളർ ഫണ്ട് ആവശ്യമുണ്ടെന്ന് ആശുപത്രികൾ അറിയിച്ചിട്ടുണ്ട്.