എഡ്മൻ്റൺ സ്റ്റോളറി ആശുപത്രിയിൽ കീമോതെറാപ്പിക്ക് കാലതാമസം: കുട്ടികളുടെ ചികിത്സ മുടങ്ങുന്നു

By: 600110 On: Dec 8, 2025, 2:12 PM

കാനഡയിലെ എഡ്മൻ്റണിലുള്ള സ്റ്റോളറി ചിൽഡ്രൻസ് ഹോസ്പിറ്റലിൽ (Stollery Children's Hospital) കാൻസർ ചികിത്സയിലുള്ള കുട്ടികളുടെ കീമോതെറാപ്പി ഉൾപ്പെടെയുള്ള നിർണ്ണായക ചികിത്സകൾക്ക് തുടർച്ചയായി കാലതാമസം നേരിടുന്നതിൽ രക്ഷിതാക്കൾക്ക് ആശങ്ക. ആശുപത്രിയിൽ കിടക്കകളുടെ കുറവുണ്ടായതിനാലാണ്  ചികിത്സകൾ മാറ്റിവെക്കേണ്ടിവരുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. കഴിഞ്ഞ രണ്ടു വർഷത്തിനിടെ മൂന്ന് തവണയെങ്കിലും കീമോതെറാപ്പി എടുക്കാൻ എത്തിയപ്പോൾ കിടക്ക ലഭ്യമല്ലെന്ന് പറഞ്ഞ് മടക്കി അയച്ചിട്ടുണ്ടെന്നാണ് ഒരു കുട്ടിയുടെ മാതാപിതാക്കൾ അറിയിച്ചത്. ഇത്തരം കാലതാമസങ്ങൾ കുട്ടികളുടെ ആരോഗ്യത്തെ  ദോഷകരമായി ബാധിക്കുമെന്ന ഭയം രക്ഷിതാക്കൾക്കുണ്ട്.

വേണ്ട സൌകര്യങ്ങൾ ഇല്ലാത്തത് മൂലം ചികിത്സ മുടങ്ങുന്നത് സ്റ്റോളറി ആശുപത്രിയിലെ പുതിയ പ്രശ്നമല്ലെന്നും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത് കൂടുതൽ രൂക്ഷമായിട്ടുണ്ടെന്നും ആൽബെർട്ട മെഡിക്കൽ അസോസിയേഷൻ പ്രസിഡൻ്റ് ഡോ. സാം വോങ് പറഞ്ഞു.  2018-ൽ കാൻസർ ചികിത്സ ആരംഭിച്ച മറ്റൊരു കുട്ടിയുടെ അമ്മ പറയുന്നതനുസരിച്ച്, രണ്ട് വർഷത്തിനിടെ 13 തവണയാണ് കിടക്ക ലഭിക്കാത്തതുകൊണ്ട് ചികിത്സ മാറ്റിവെച്ചത്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി സ്റ്റോളറിക്ക് മാത്രമായി ഒരു പുതിയ ആശുപത്രി (stand-alone hospital) നിർമ്മിക്കാൻ സ്ഥലം കണ്ടെത്തിയതായി സർക്കാർ അറിയിച്ചിട്ടുണ്ട്. എങ്കിലും, നിലവിലെ പ്രതിസന്ധി കുട്ടികളുടെ അടിയന്തിര ചികിത്സയെ ബാധിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.