സിറിയയെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് കാനഡ ഒഴിവാക്കി. ഒരു വർഷം മുമ്പ് സിറിയൻ നേതാവായിരുന്ന ബാഷർ അൽ-അസദിനെ പുറത്താക്കി ഭരണം ഏറ്റെടുത്ത ഹയാത് തഹ്‌രീർ അൽ-ഷാം (HTS) എന്ന ഗ്രൂപ്പിനെ ഭീകര സംഘടനകളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമാണ് കാനഡയുടെ ഈ സുപ്രധാന നയം മാറ്റം.
സിറിയയിലെ പുതിയ സർക്കാർ രാജ്യത്ത് സുസ്ഥിരത ഉറപ്പാക്കാനും എല്ലാവരെയും ഉൾക്കൊള്ളുന്ന ഭാവിക്കായി പ്രവർത്തിക്കാനും പ്രതിജ്ഞാബദ്ധരായതിനാലാണ് ഈ നീക്കം എന്നും, ഈ തീരുമാനം ബ്രിട്ടൺ, അമേരിക്ക തുടങ്ങിയ സഖ്യകക്ഷികൾ എടുത്ത സമാന തീരുമാനങ്ങൾക്ക് അനുസൃതമാണെന്നും കാനഡയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
HTSൻ്റെ മുൻ നേതാവും സിറിയയുടെ ഇപ്പോഴത്തെ പ്രസിഡൻ്റുമായ അഹമ്മദ് അൽ-ഷാറ, അൽ-ഖ്വയിദയുമായുള്ള ബന്ധം വിച്ഛേദിക്കുകയും ആധുനിക ജനാധിപത്യ സർക്കാരിനായി ശ്രമിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. സിറിയയിൽ സമാധാനപരമായ രാഷ്ട്രീയ പരിവർത്തനത്തിനായി നടക്കുന്ന ശ്രമങ്ങളെ കാനഡ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രി അനിത ആനന്ദ് പറഞ്ഞു. മുൻ അസദ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഉൾപ്പെടെ 56 സിറിയൻ വ്യക്തികൾക്കെതിരെയുള്ള പ്രത്യേക ഉപരോധങ്ങൾ കാനഡ ഇപ്പോഴും നിലനിർത്തുന്നുണ്ട്.