മദ്യപിച്ചുള്ള ഡ്രൈവിംഗ് തടയുന്നതിനായി കാൽഗറി പോലീസ് ശനിയാഴ്ച ഹോളിഡേ ചെക്ക്സ്റ്റോപ്പ് കാമ്പയിൻ ആരംഭിച്ചു.National Impaired Driving Enforcement Day-യിൽ ആരംഭിച്ച ഈ പരിപാടി സീസണിലുടനീളം തുടരും. ആൽബർട്ട ഷെരീഫുകൾ, Tsuut’ina നേഷൻ പോലീസ്, ആർ.സി.എം.പി., സി.പി.കെ.സി. എന്നിവരുമായി സഹകരിച്ചാണ് ഈ കാമ്പയിൻ നടത്തുന്നത്. സമാനമായ ക്യാമ്പയിൻ എഡ്മൻ്റണിലും നടക്കുന്നുണ്ട്.
ഈ വർഷം കാൽഗറിയിൽ നടന്ന 35 വലിയ വാഹനാപകടങ്ങളിൽ ചിലതിന് കാരണമായത് മദ്യപിച്ചുള്ള ഡ്രൈവിങ്ങാണ്. മദ്യപാനം അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിന് പോലീസ് 109 ക്രിമിനൽ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.
മദ്യപിച്ച് വാഹനമോടിക്കരുതെന്ന് സ്റ്റാഫ് സർജൻ്റ് ആൻഡി വുഡ്‌വാർഡ് അഭ്യർത്ഥിച്ചു. അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ട കുടുംബങ്ങളെ പ്രതിനിധീകരിച്ച് മദേഴ്‌സ് എഗൈൻസ്റ്റ് ഡ്രങ്ക് ഡ്രൈവിംഗ് എന്ന സംഘടനയും ഇതിൽ പങ്കുചേർന്നു.
മദ്യം ഒഴിവാക്കാൻ മയക്കുമരുന്നിലേക്ക് മാറുന്ന ഡ്രൈവർമാരുണ്ടെന്നും, രക്തത്തിൽ കഞ്ചാവ് കണ്ടെത്താൻ കഴിയുന്ന പരിശോധനകൾ നിലവിലുണ്ടെന്നും വുഡ്‌വാർഡ് പറഞ്ഞു. മദ്യപിച്ച ശേഷം വാഹനമോടിക്കുന്നതിനു പകരം വേറൊരു ഡ്രൈവറെ ഉപയോഗിക്കാനോ, ടാക്സി, പൊതുഗതാഗതം എന്നിവ ഉപയോഗിക്കാനോ പോലീസ് നിർദ്ദേശിച്ചു. ഈ മാസം നഗരത്തിലുടനീളം കൂടുതൽ ചെക്ക്സ്റ്റോപ്പുകൾ പ്രതീക്ഷിക്കാം. ഏത് ഡ്രൈവറെയും റോഡരികിൽ തടഞ്ഞുനിർത്തി പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്.