ആൽബെർട്ടയിലെ ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള (Recall) നിയമം ഒരു 'രാഷ്ട്രീയ ആയുധമായി' ഉപയോഗിക്കാനുള്ളതല്ലെന്ന് നിയമത്തിൻ്റെ ശില്പി കൂടിയായ മുൻ പ്രീമിയർ ജേസൺ കെന്നി . ഒരു രാഷ്ട്രീയ നേതാവ് നിയമവിരുദ്ധമായതോ, ധാർമ്മികതയില്ലാത്തതോ ആയ കാര്യങ്ങളിൽ ഏർപ്പെട്ടാൽ, ഉത്തരവാദിത്തം ഉറപ്പാക്കാനുള്ള ആത്യന്തിക മാർഗ്ഗം എന്ന നിലയിൽ മാത്രമാണ് ഈ നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുണൈറ്റഡ് കൺസർവേറ്റീവ്‌സ് (UCP) പാർട്ടിയിലെ 14 കോക്കസ് അംഗങ്ങൾ റീകോൾ ഹർജികൾ നേരിടുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ ഈ പ്രസ്താവന.
നയം സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കേണ്ടത് പൊതുതിരഞ്ഞെടുപ്പുകളിലാണെന്നും, അല്ലാതെ റീകോൾ നിയമം ഉപയോഗിച്ചല്ലെന്നും കെന്നി വ്യക്തമാക്കി. UCP രാഷ്ട്രീയക്കാർ മണ്ഡലത്തിലെ പൗരന്മാരുടെ ആശങ്കകൾ കേൾക്കുന്നില്ലെന്നും, അധ്യാപകരുടെ അവകാശങ്ങൾ അസാധുവാക്കിയതിലൂടെ വിശ്വാസം ലംഘിച്ചെന്നും ആരോപിച്ചാണ് റീകോളിന് ശ്രമിക്കുന്നവർ ഹർജി നൽകിയിരിക്കുന്നത്. ആൽബെർട്ടയിലെ റീകോൾ നിയമപ്രകാരം, 2023 ലെ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ പോൾ ചെയ്ത മൊത്തം വോട്ടിൻ്റെ 60 ശതമാനത്തിന് തുല്യമായ ഒപ്പുകൾ മൂന്ന് മാസത്തിനുള്ളിൽ ഹർജിക്കാർ ശേഖരിക്കേണ്ടതുണ്ട്. ഇതിൽ വിജയിച്ചാൽ, ജനപ്രതിനിധിയെ തുടരാൻ അനുവദിക്കണോ എന്നത് സംബന്ധിച്ച് ഒരു വോട്ടെടുപ്പ് നടത്തും. ഈ വോട്ടെടുപ്പിൽ അംഗം പരാജയപ്പെട്ടാൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും.