ഹോളിഡേ സീസൺ ആരംഭിച്ചതോടെ, മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി കാൽഗറി പോലീസ് സർവീസ് (CPS) രംഗത്തെത്തി. നഗരത്തിൽ 'ചെക്ക്‌സ്റ്റോപ്പ്' കാമ്പയിൻ ശക്തമാക്കുമെന്നും, മദ്യപിച്ചുള്ള ഡ്രൈവിംഗ് വലിയൊരു പ്രശ്‌നമായി തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ഈ വർഷം ഇതുവരെ കാൽഗറിയിൽ നടന്ന 35 വലിയ വാഹനാപകടങ്ങളിൽ അഞ്ചെണ്ണത്തിനും കാരണം ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
ഡിസംബർ മാസം മുഴുവനും ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വിവിധ സമയങ്ങളിൽ പരിശോധനകൾ ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി. മദ്യപാനം അല്ലെങ്കിൽ ലഹരി ഉപയോഗിച്ചുള്ള എല്ലാ അപകടങ്ങളും ഒഴിവാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഈ വർഷം ഇതുവരെ 109 ക്രിമിനൽ കേസുകളും 2,170 റോഡ്‌സൈഡ് സസ്പെൻഷനുകളും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. മദ്യപാനമോ കഞ്ചാവ് ഉപയോഗമോ നടത്തുന്നവർ സുരക്ഷിതമായി വീട്ടിലെത്താൻ ഒരു 'ഡെസിഗ്‌നേറ്റഡ് ഡ്രൈവറെ' ഏർപ്പാടാക്കുകയോ, ടാക്സി/റൈഡ് ഷെയർ സർവീസുകളോ പൊതുഗതാഗതമോ ഉപയോഗിക്കുകയോ വേണമെന്ന് പൊലീസ് നിർദ്ദേശിച്ചു. അല്ലെങ്കിൽ രാത്രി അവിടെത്തന്നെ തങ്ങുകയോ ചെയ്യണമെന്നും പോലീസ് ആവശ്യപ്പെട്ടു. റാൻഡം പരിശോധനകൾ നടത്താനും, മദ്യത്തിന്റെ അളവ് പരിശോധിക്കാനും പോലീസിന് അധികാരം ഉണ്ടെന്നും, നിയമം ലംഘിക്കുന്നവർക്ക് ക്രിമിനൽ കേസുകളും ലൈസൻസ് നഷ്ടപ്പെടലും ഉൾപ്പെടെയുള്ള ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്നും CPS ഓർമ്മിപ്പിച്ചു.