ജർമ്മനിയിൽ 18 വയസ്സുകാർക്കായുള്ള സന്നദ്ധ സൈനിക സേവന പദ്ധതിക്ക് പാർലമെൻ്റിൻ്റെ അംഗീകാരം. ഇതേ തുടർന്ന് പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. രാജ്യത്തിൻ്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 18 വയസ്സുള്ളവർക്കായി സന്നദ്ധ സൈനിക സേവന പരിപാടി നടപ്പാക്കാൻ ജർമ്മനിയുടെ പാർലമെൻ്റഅ (ബുണ്ടസ്‌റ്റാഗ്) വോട്ട് ചെയ്ത് അംഗീകാരം നൽകിയത്. റഷ്യ യുക്രെയ്‌നെ ആക്രമിച്ച പശ്ചാത്തലത്തിൽ കൂടിയാണ് ഇത്തരമൊരു നടപടി.
യൂറോപ്പിലെ ഏറ്റവും ശക്തമായ പരമ്പരാഗത സൈന്യത്തെ കെട്ടിപ്പടുക്കുകയാണ് ചാൻസലർ ഫ്രീഡ്രിക്ക് മെർസിൻ്റെ ലക്ഷ്യം. ഇതിൻ്റെ ഭാഗമായുള്ള ഈ നീക്കം, ജർമ്മനിയുടെ സൈനിക സമീപനത്തിലെ സുപ്രധാന മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. 2026 ജനുവരി മുതൽ, 18 വയസ്സുള്ള എല്ലാ ജർമ്മൻ പൗരന്മാർക്കും സായുധ സേനയിൽ ചേരാൻ താൽപ്പര്യമുണ്ടോയെന്ന് ചോദിച്ചുകൊണ്ടുള്ള ചോദ്യാവലി അയക്കും. ഈ ഫോം പൂരിപ്പിക്കുന്നത് പുരുഷന്മാർക്ക് നിർബന്ധവും സ്ത്രീകൾക്ക് സ്വമേധയാ ഉള്ളതുമായിരിക്കും.
ഈ പുതിയ നിയമത്തിനെതിരെ ജർമ്മനിയിലെ യുവജനങ്ങളും വിദ്യാർത്ഥികളും ശക്തമായ എതിർപ്പാണ് ഉയർത്തുന്നത്. രാജ്യത്തുടനീളമുള്ള 90 നഗരങ്ങളിലെ സ്‌കൂൾ വിദ്യാർത്ഥികൾ ഈ നീക്കത്തിൽ പ്രതിഷേധിച്ച് സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. തങ്ങളുടെ ജീവിതത്തിൻ്റെ ആറുമാസം ബാരക്കുകളിൽ പൂട്ടിയിട്ടുള്ള അഭ്യാസത്തിലും അനുസരണയിലും താല്പര്യമില്ല. പരിശീലനം നേടാനും കൊല്ലാൻ പഠിക്കാനും ആഗ്രഹിക്കുന്നില്ലെന്നും വിദ്യാർത്ഥി പ്രതിഷേധത്തിന് നേതൃത്വം നൽകുന്നവർ പറയുന്നു. 'യുദ്ധം ഭാവിക്കായി ഒരു പ്രതീക്ഷയും നൽകുന്നില്ല, ഞങ്ങളുടെ ഉപജീവനമാർഗ്ഗം നശിപ്പിക്കുകയേ ഉള്ളൂ," എന്നും അവർ കൂട്ടിച്ചേർത്തു. ഹാമ്പെർഗ് നഗരത്തിൽ മാത്രം ഏകദേശം 1,500 പേർ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാർത്ഥികളെ സമരത്തിനായി വിടരുതെന്ന് പ്രധാനാധ്യാപകർ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.