കാനഡയിലെ ഏഴാമത്തെ വലിയ ബാങ്കായ EQB, പി സി ഫിനാൻഷ്യലിനെ ഏറ്റെടുക്കുന്നു

By: 600110 On: Dec 6, 2025, 11:47 AM

കാനഡയിലെ ഏഴാമത്തെ വലിയ ബാങ്കായ EQB,  PC Financial-നെ ഏറ്റെടുക്കുന്നു. രാജ്യത്തിൻ്റെ സാമ്പത്തിക മേഖലയിൽ വലിയ സ്വാധീനമുണ്ടാക്കുന്ന നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ലോബ്ലോയിൽ നിന്ന് ഏകദേശം 800 ദശലക്ഷം ഡോളറിനാണ് EQB പി.സി. ഫിനാൽഷ്യലിനെ ഏറ്റെടുക്കുന്നത്. ഈ ഇടപാടിൻ്റെ ഭാഗമായി, ലോബ്ലോയ്ക്ക് EQB-യുടെ ഏകദേശം 16 ശതമാനം ഓഹരികളും ലഭിക്കും.

ഈ കരാറിലൂടെ EQ ബാങ്കിൻ്റെ ഉപഭോക്തൃ അടിത്തറ ഏകദേശം 3.5 ദശലക്ഷം ആളുകളായി വർദ്ധിക്കും. അതിൽ രണ്ട് ദശലക്ഷത്തിലധികം സജീവമായ PC മാസ്റ്റർകാർഡ് ഉപയോക്താക്കളും ഉൾപ്പെടുന്നു. ഇതിലൂടെ, EQB-യുടെ നിലവിലുള്ള ആസ്തിയിലേക്ക് ഏകദേശം 5.8 ബില്യൺ ഡോളർ കൂടി കൂട്ടിച്ചേർക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ നീക്കത്തിലൂടെ തങ്ങളുടെ പ്രധാന പലചരക്ക്, റീട്ടെയിൽ ബിസിനസ്സുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലോബ്ലോയുടെ ലക്ഷ്യം.  അതേസമയം  PC ഫിനാൻഷ്യൽ ഉൽപ്പന്നങ്ങളെ പിന്തുണയ്ക്കുന്നത് തുടരുമെന്നും ലോബ്ലോ അറിയിച്ചു. പുതിയ നീക്കത്തിലൂടെ  കനേഡിയൻ പൗരന്മാർക്ക് വേണ്ടി കൂടുതൽ ശക്തമായൊരു ഡിജിറ്റൽ ബാങ്കിംഗ് സംവിധാനം സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് EQB-യുടെ സിഇഒ ആയ ചാഡ്‌വിക് വെസ്റ്റ്‌ലേക്ക് പറഞ്ഞു. PC Financial ഉപഭോക്താക്കൾക്ക് കാലക്രമേണ EQ Bank-ൻ്റെ ഓൺലൈൻ സേവിംഗ്സ്, ദൈനംദിന ബാങ്കിംഗ് ഉൽപ്പന്നങ്ങൾ എന്നിവയിലേക്ക് പ്രവേശനം ലഭിക്കും. കൂടാതെ EQ Bank ഉപഭോക്താക്കൾക്ക് PC Financial-ൻ്റെ ക്രെഡിറ്റ് കാർഡുകൾ, 180-ൽ അധികം ഇൻ-സ്റ്റോർ ബാങ്കിംഗ് പവലിയനുകൾ, കാനഡയിലുടനീളമുള്ള 600-ൽ അധികം എടിഎമ്മുകൾ എന്നിവയുടെ പ്രയോജനവും ലഭിക്കും.