2026-ലെ ഫിഫ ലോകകപ്പിൻ്റെ ടിക്കറ്റുകൾക്ക് ടൊറൻ്റോയിലും വാൻകൂവറിലും ആവശ്യക്കാരേറെ.ജൂൺ 11 മുതൽ ജൂലൈ 19 വരെ കാനഡ, യുഎസ്, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന 104 മത്സരങ്ങൾക്കായി ഇതിനകം ഇരുപത് ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ടീമുകളെ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ വാൻകൂവറിലെ ഏഴ് മത്സരങ്ങളുടെയും ടൊറൻ്റോയിലെ ആറ് മത്സരങ്ങളുടെയും ടിക്കറ്റുകൾ പ്രീ-സെയിലുകളിലും നറുക്കെടുപ്പുകളിലുമായി അതിവേഗം വിറ്റുപോയിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ ടിക്കറ്റ് വില 60 യുഎസ് ഡോളറിലാണ് ആരംഭിക്കുന്നത്. എന്നാൽ ഫൈനൽ മത്സരത്തിലെ പ്രീമിയം സീറ്റുകൾക്ക് ഇത് 6,730 ഡോളർ വരെയാണ്. ജൂൺ 12-ന് ടൊറൻ്റോയിൽ നടക്കുന്ന കാനഡയുടെ ആദ്യ മത്സരത്തിൻ്റെ ടിക്കറ്റ് വില ആദ്യ വിൽപനയിൽ 500 ഡോളറിൽ ആരംഭിച്ചെങ്കിലും, ഇപ്പോൾ അത് 1,765 ഡോളറിനോ അതിൽ കൂടുതലോ നിരക്കിലാണ് വിൽക്കപ്പെടുന്നത്. ജൂൺ 13-ന് നടക്കുന്ന വാൻകൂവറിലെ ആദ്യ മത്സരത്തിൻ്റെ ടിക്കറ്റ് FIFA റീസെയിൽ സൈറ്റിൽ C$798-ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ StubHub-ൽ ഇത് $481-ന് ലഭിക്കും.
ടിക്കറ്റ് വാങ്ങുന്നവരുടെ കാര്യത്തിൽ യു.എസ്. ആരാധകർക്ക് പിന്നിൽ കനേഡിയൻ ആരാധകർ രണ്ടാം സ്ഥാനത്താണ്. 212 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ടിക്കറ്റുകൾ വാങ്ങിയത്.ടിക്കറ്റ് വാങ്ങാനുള്ള അവസരത്തിനായി ആരാധകർ ലോട്ടറികൾ വരെയെടുക്കുന്നുണ്ട്. ഇതിൻ്റെ നറുക്കെടുപ്പ് ഡിസംബർ 11 മുതൽ ജനുവരി 13 വരെയാണ് നടക്കുന്നത്.ടിക്കറ്റുകൾക്ക് വില കൂടുതലാണെന്നാണാ 71 ശതമാനം കനേഡിയൻ പൗരന്മാരും അഭിപ്രായപ്പെടുന്നതെന്നാണ് ഒരു സർവേ വ്യക്തമാക്കുന്നത്. എന്നാൽ ലോകമെമ്പാടുമുള്ള 211 രാജ്യങ്ങളിലെ ഫുട്ബോൾ വികസനത്തിന് പണം കണ്ടെത്താനാണ് ഇത്തരമൊരു വില നിശ്ചയിച്ചിരിക്കുന്നതെന്ന് FIFA-യുടെ വിക്ടർ മോൺടാഗ്ലിയാനി പറയുന്നു. ലോട്ടറിയിൽ ടിക്കറ്റ് ലഭിച്ചാൽ അത് ലാഭത്തിന് മറിച്ചുവിൽക്കാൻ നിരവധി കനേഡിയൻ പൗരന്മാർ പദ്ധതിയിടുന്നതായും സർവേ വ്യക്തമാക്കുന്നു.