ബ്രാംപ്ടൺ അഭിഭാഷകൻ്റെ നിയമപരമായ ലൈസൻസ് സസ്പെൻഡ് ചെയ്ത് 'ദ ലോ സൊസൈറ്റി ഓഫ് ഒൻ്റാരിയോ'. ബ്രാംപ്ടൺ ആസ്ഥാനമായുള്ള അഭിഭാഷകൻ ദീപക് പരദ്കറിൻ്റെ നിയമ പ്രാക്ടീസ് ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. സസ്പെൻഷനെ തുടർന്ന് കേസ് പരിഹരിക്കപ്പെടുന്നതുവരെ അദ്ദേഹത്തിന് നിയമ പരിശീലനം നടത്താനാവില്ല.
കഴിഞ്ഞ മാസം കഞ്ചാവ് മാഫിയ തലവൻ റയാൻ വെഡ്ഡിംഗിൻ്റെ കൊക്കെയ്ൻ റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഏഴ് കനേഡിയൻ പൗരന്മാരിൽ ഒരാളാണ് പരദ്കർ.FBI സാക്ഷിയെ കൊലപ്പെടുത്താനും കൊക്കെയ്ൻ കയറ്റുമതി ചെയ്യാനും ഗൂഢാലോചന നടത്തൽ, ക്രിമിനൽ പ്രവർത്തനങ്ങ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് അദ്ദേഹം നേരിടുന്നത്.
വെഡ്ഡിംഗിനെതിരെ മൊഴി നൽകാനിരുന്ന സാക്ഷിയെ ജനുവരിയിൽ കൊളംബിയയിലെ മെഡലിനിൽ വെച്ച് കൊലപ്പെടുത്തിയിരുന്നു. പൊതു സുരക്ഷയ്ക്കും നീതിന്യായ വ്യവസ്ഥയ്ക്കും ഭീഷണിയുയർത്തുന്ന ഗുരുതരമായ ആരോപണങ്ങളെത്തുടർന്നാണ് ലോ സൊസൈറ്റി ഈ നടപടി സ്വീകരിച്ചത്. പരദ്കറിൻ്റെ അഭിഭാഷകനായ രവിൻ പിള്ളൈ സസ്പെൻഷനെ ചോദ്യം ചെയ്തില്ലെങ്കിലും, തൻ്റെ കക്ഷി നിരപരാധിയാണെന്ന് അവകാശപ്പെടുന്നതായും ശക്തമായി പ്രതിരോധിക്കുമെന്നും വ്യക്തമാക്കി.
പരദ്കറിനെതിരെയുള്ള കുറ്റങ്ങളൊന്നും ഇതുവരെ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല. എങ്കിലും കാലിഫോർണിയയിലേക്ക് കൈമാറ്റം ചെയ്യുന്നതിനായി കാത്ത് അദ്ദേഹം ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്. കാനഡയിലെ മുൻ ഒളിമ്പിക് സ്നോബോർഡറായ വെഡ്ഡിംഗ്, FBI ഏറ്റവും കൂടുതൽ തിരയുന്ന പ്രതികളിൽ ഒരാളാണ്.