പ്രധാനമന്ത്രിയുടെ വ്യാജ വീഡിയോ ഉപയോഗിച്ചുള്ള എഐ തട്ടിപ്പിൽ സസ്കാച്ചെവാൻ സ്വദേശിയായ വയോധികന് പണം നഷ്ടമായി

By: 600110 On: Dec 5, 2025, 11:23 AM

എഐ വീഡിയോ തട്ടിപ്പിൽ പെട്ട്  വയോധികന് പണം നഷ്ടമായി: പ്രധാനമന്ത്രിയുടെ വ്യാജ വീഡിയോയിൽ വീഴരുതെന്ന് മുന്നറിയിപ്പ്. കാനഡയിലെ സസ്കച്ചെവാനിൽ  നിന്നുള്ള വിരമിച്ച അധ്യാപകനായ ലിൻ ഫാനോഫിന് ആണ്  3,000 ഡോളർ  നഷ്ടപ്പെട്ടത്.  ക്രിപ്‌റ്റോകറൻസി തട്ടിപ്പ് വഴിയാണ് പണം നഷ്ടമായത്.  

70 വയസ്സുകാരനായ ഫാനോഫ് സ്മാർട്ട് ടിവിയിൽ വാർത്ത കണ്ടിരിക്കുമ്പോൾ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി  സർക്കാർ പിന്തുണയുള്ള ക്രിപ്‌റ്റോ നിക്ഷേപങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു അഭിമുഖം കാണാനിടയായി. സി.ബി.സി (CBC) യുടെ ലോഗോയും പ്രമുഖ അവതാരകയേയും കണ്ടതോടെ ഇത് യഥാർത്ഥ വാർത്തയാണെന്ന് അദ്ദേഹം വിശ്വസിച്ചു. മറ്റ് പല വികസന പദ്ധതികൾ പോലെ ഇതും രാജ്യത്തിന് ഗുണകരമായ ഒരു സർക്കാർ പദ്ധതിയാണെന്ന് കരുതി അദ്ദേഹം നിക്ഷേപം നടത്താൻ തീരുമാനിച്ചു. എന്നാൽ ഈ വീഡിയോ യഥാർത്ഥമായിരുന്നില്ല. എഐ  ഉപയോഗിച്ച് നിർമ്മിച്ച Deepfake ആയിരുന്നു ഈ വീഡിയോ. പ്രധാനമന്ത്രി കാർണിയുടേയും മറ്റ് അവതാരകരുടേയും രൂപം, ശബ്ദം, സി.ബി.സി.യുടെ ബ്രാൻഡിംഗ് എന്നിവയെല്ലാം തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുകയായിരുന്നു.   ഈ കമ്പനിയെ നേരത്തെ തന്നെ മനിറ്റോബ സെക്യൂരിറ്റീസ് കമ്മീഷൻ (Manitoba Securities Commission) തട്ടിപ്പാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിലുള്ള എഐ തട്ടിപ്പുകളിൽ വഞ്ചിതരാകാതിരിക്കാൻ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന്  അധികൃതർ മുന്നറിയിപ്പ് നൽകുന്നു.