2026-ലെ ബജറ്റിന് കാൽഗറി സിറ്റി കൗൺസിലിൻ്റെ അംഗീകാരം. പുതിയ ബജറ്റ് അനുസരിച്ച് പ്രോപ്പർട്ടി ടാക്സ് വർദ്ധിക്കും. ആദ്യം നിർദ്ദേശിച്ചതിനേക്കാൾ കുറഞ്ഞ പ്രോപ്പർട്ടി ടാക്സ് വർദ്ധനവാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നേരത്തെ 3.6 ശതമാനം വർദ്ധിപ്പിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ 1.64 ശതമാനം വർദ്ധന മാത്രമാണ് വരുത്തിയിട്ടുള്ളത്. ഇതനുസരിച്ച് ഒരു സാധാരണ വീടുടമയ്ക്ക് പ്രതിമാസം $4.50 അധികം ചെലവ് വരും.
ടാക്സ് വർദ്ധന കുറച്ചു നിർത്താനായി, നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനത്തിൽ നിന്നും $50 മില്യൺ ഉപയോഗിക്കാൻ കൌൺസിൽ തീരുമാനിച്ചിട്ടുണ്ട്. നികുതി താങ്ങാനാവുന്ന നിലയിൽ നിലനിർത്തിക്കൊണ്ട് തന്നെ പ്രധാന സേവനങ്ങളിൽ നിക്ഷേപം കൂട്ടുകയും ചെയ്യുന്ന മികച്ച ബഡ്ജറ്റാണിതെന്ന് മേയർ ജെറോമി ഫാർകാസ് അഭിപ്രായപ്പെട്ടു. എല്ലാ വകുപ്പുകളിലുമായി $41 മില്യൺ വെട്ടിക്കുറച്ച് ടാക്സ് വർദ്ധനവ് പൂജ്യമായി നിലനിർത്താനുള്ള പ്രമേയം 10–5 എന്ന വോട്ടിന് പരാജയപ്പെട്ടു.
എട്ട് ദിവസങ്ങളിലായി കൗൺസിലർമാർ 40-ഓളം ഭേദഗതികളെക്കുറിച്ച് ചർച്ച ചെയ്തു, അതിൽ പലതും പുതിയ ചിലവുകൾ കൂട്ടിച്ചേർക്കുന്നതായിരുന്നു. ട്രാൻസിറ്റ് ഫെയറുകൾ 2026-ൽ വർദ്ധിക്കുമെങ്കിലും, കൂടുതൽ സർവീസ് നടത്താനും പുതിയ ബസുകൾക്കുമായി $76 മില്യൺ അധികമായി കൗൺസിൽ അനുവദിച്ചു. കാൽനട യാത്രക്കാരുടെ സുരക്ഷ, അഗ്നിശമനസേനയുടെ ഉപകരണങ്ങൾക്കും ജീവനക്കാർക്കുമുള്ള ഫണ്ട്, പുതിയ സബ്ഡിവിഷൻ, പൊതു ശൗചാലയങ്ങൾ എന്നിവ പോലുള്ള ഒറ്റത്തവണ പദ്ധതികൾക്കും അധിക ഫണ്ട് അനുവദിച്ചു. പൊതുജന അഭിപ്രായങ്ങൾ പരിഗണിച്ച്, നഗരത്തിൻ്റെ വളർച്ചയെ പിന്തുണയ്ക്കുന്നതിനും അതേസമയം താങ്ങാനാവുന്ന ജീവിതച്ചെലവ് നിലനിർത്തുന്നതിനും വേണ്ടിയാണ് പുതിയ കൗൺസിൽ ഈ മാറ്റങ്ങൾ വരുത്തി ബജറ്റ് പാസാക്കിയത്.