റോബോട്ടിക് സാങ്കേതികതയിലൂടെ കുട്ടികൾക്ക് വൃക്ക മാറ്റിവെക്കൽ, ചരിത്രം കുറിച്ച് യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട ഹോസ്പിറ്റൽ

By: 600110 On: Dec 5, 2025, 10:22 AM

കാനഡയിലെ അവയവമാറ്റ ശസ്ത്രക്രിയാ ചരിത്രത്തിൽ ഒരു നാഴികക്കല്ല് കൂടി പിന്നിട്ട് യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട ഹോസ്പിറ്റൽ. മുതിർന്ന രോഗികളിലും ജീവനുള്ള ദാതാക്കളിലും വിജയകരമായി പരീക്ഷിച്ച റോബോട്ടിക് ശസ്ത്രക്രിയ കുട്ടികളിലും വിജയം കണ്ടു. 
 മരിച്ച ദാതാക്കളുടെ വൃക്ക കുട്ടികളിൽ മാറ്റിവെച്ചാണ്  കാനഡയിൽ ആദ്യമായി ഈ നേട്ടം കൈവരിച്ചത്.  യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട ഹോസ്പിറ്റലിലെ ഡോക്ടർ മാക്സ് ലെവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ചരിത്രപരമായ ശസ്ത്രക്രിയയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. ഈ വിജയം, ഗെയിം ചെയ്ഞ്ചർ  ആയിരിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഈ നൂതന സാങ്കേതികവിദ്യ, ശസ്ത്രക്രിയയുടെ സങ്കീർണ്ണത കുറയ്ക്കുകയും, മുറിവുകളുമായി ബന്ധപ്പെട്ട സങ്കീർണതകൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. കനേഡിയൻ ട്രാൻസ്പ്ലാൻ്റ് പ്രോഗ്രാമുകൾക്ക് ഒരു പുതിയ വഴി തുറക്കുന്നതാണ് ഈ മുന്നേറ്റം.
റോബോട്ടിക് ശസ്ത്രക്രിയയിലൂടെയുള്ള അവയവ മാറ്റിവെക്കൽ, രോഗിക്ക് വേഗത്തിൽ സുഖം പ്രാപിക്കാനും വേദന കുറയ്ക്കാനും സഹായിക്കുന്നു. അവയവമാറ്റ ശസ്ത്രക്രിയ രംഗത്തെ കാനഡയുടെ സംഭാവനകൾക്ക് ഈ നേട്ടം കൂടുതൽ തിളക്കം നൽകുകയാണ്.