കാനഡയിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന കൊലപാതക കേസുകൾ വർദ്ധിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്

By: 600110 On: Dec 4, 2025, 1:22 PM

 

കാനഡയിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന കൊലപാതക കേസുകൾ വർദ്ധിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. രാജ്യത്ത് മൊത്തത്തിലുള്ള കൊലപാതക നിരക്ക് കുറഞ്ഞു വരുന്നതിനിടയിലാണ്, പ്രായപൂർത്തിയാകാത്ത കൊലപാതകികളുടെ എണ്ണത്തിൽ  2024-ൽ വർദ്ധനവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ (StatCan) പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കഴിഞ്ഞ വർഷം 18 വയസ്സിന് താഴെയുള്ള 72 പേർക്കെതിരെയാണ് കൊലപാതക കുറ്റം ചുമത്തിയത്. 2023-ൽ ഇത് 65 പേർ മാത്രമായിരുന്നു. പുതിയ വർദ്ധനവോടെ പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിരക്ക് ഒരു ലക്ഷം യുവാക്കൾക്ക് 0.94 ആയി ഉയർന്നു. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 788 കൊലപാതകങ്ങളിൽ 72 കേസുകളിലാണ് യുവാക്കൾ പ്രതികളായിട്ടുള്ളത്. മൊത്തത്തിലുള്ള ദേശീയ ഹോമിസൈഡ് നിരക്ക് 4.0 ശതമാനം കുറഞ്ഞുവരുന്നതിനിടയിലാണ് യുവാക്കളുടെ പങ്കാളിത്തം വർധിച്ചതെന്നത് അധികൃതർക്കിടയിൽ ആശങ്കയുളവാക്കിയിട്ടുണ്ട്.

യുവാക്കൾ പ്രതികളായ മറ്റ് കേസുകളും 2024-ൽ കൂടിയിട്ടുണ്ട്. ഒന്നിലധികം യുവാക്കൾ പ്രതികളായ 13 സംഭവങ്ങളാണ് പോലീസ്‌ കണ്ടെത്തിയത്, ഇതിൽ അഞ്ച് കൊലപാതകങ്ങളിൽ മൂന്നോ അതിലധികമോ യുവാക്കൾക്കെതിരെ കുറ്റം ചുമത്തി.  കാനഡയിലെ ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമുള്ള സ്വദേശി ജനത  ഉൾപ്പെടുന്ന കൊലപാതകങ്ങളിൽ  30 ശതമാനം വർദ്ധനവ് ഉണ്ടായത്  ഈ റിപ്പോർട്ടിലെ ഞെട്ടിപ്പിക്കുന്ന മറ്റൊരു കണ്ടെത്തലാണ്. സ്വദേശി ജനതയ്ക്കിടയിലെ കൊലപാതക നിരക്ക് എട്ടിരട്ടി കൂടുതലാണന്നാണ് കണ്ടെത്തിയിട്ടുള്ളത്.