മിസ്സിസാഗയിൽ നിർമ്മാണ പ്രവർത്തനത്തിൽ ഉണ്ടാകുന്ന അമിതമായ പൊടിക്ക് പിഴ ചുമത്തും

By: 600110 On: Dec 4, 2025, 1:06 PM

ഒൻ്റാരിയോ നഗരമായ മിസ്സിസാഗയിൽ, അടുത്ത വർഷം മുതൽ നിർമ്മാണത്തെ തുടർന്നുള്ള അമിതമായ പൊടിക്ക് പിഴ ചുമത്താൻ തീരുമാനമായി. മറ്റുള്ളവരിലേക്കും സമീപ സ്ഥലങ്ങളിലേക്കും  പൊടിപടലങ്ങൾ പടരുന്നത് തടയുന്നതിൽ വീഴ്ച വരുത്തുന്ന വീട്ടുടമകൾക്കും കരാറുകാർക്കും എതിരെയാണ് ഈ നടപടി. സിറ്റി കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ച ഈ ശുപാർശ പ്രകാരം, $305 കനേഡിയൻ ഡോളർ പിഴയായി ഈടാക്കും. ഇത് 2026 മാർച്ച് 2 മുതൽ നിലവിൽ വരും.

പാർപ്പിട നിർമ്മാണവുമായി ബന്ധപ്പെട്ട പൊടിപടലങ്ങളെ പ്രത്യേകം ലക്ഷ്യമിട്ടാണ് ഈ നിയമം കൊണ്ടുവരുന്നത്. പൊടിയുമായി ബന്ധപ്പെട്ട് വർധിച്ചുവരുന്ന പരാതികളും അവ അയൽവാസികളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ജീവിത നിലവാരത്തിനും ഉണ്ടാക്കുന്ന പ്രശ്നങ്ങളും പരിഗണിച്ചാണ് പുതിയ തീരുമാനം. കോൺക്രീറ്റ് മുറിക്കൽ പോലുള്ള പ്രവർത്തനങ്ങളിൽ നിന്നുള്ള പൊടി നിയന്ത്രിക്കാൻ നേരിട്ടുള്ള വ്യവസ്ഥകൾ ഇല്ലാതിരുന്ന 1985-ലെ 'Debris and Anti-Littering By-law ആണ് ഇതിലൂടെ നവീകരിക്കുന്നത്. പുതിയ നിയമപ്രകാരം, പ്രോപ്പർട്ടി ഉടമകളോ കരാറുകാരോ മാനേജർമാരോ അവരുടെ നിർമ്മാണ സൈറ്റിൽ നിന്ന് പൊടി പുറത്തേക്ക് പോകാതെ നോക്കാൻ ബാധ്യസ്ഥരാണ്. ആദ്യഘട്ടത്തിൽ പാർപ്പിട നിർമ്മാണത്തിന് മാത്രമാണ് ഇത് ബാധകം. ലംഘനം കണ്ടെത്തിയാൽ $305 പിഴയോ അല്ലെങ്കിൽ കൂടുതൽ ഗുരുതരമായ പ്രൊവിൻഷ്യൽ ഓഫൻസ് ആക്ട് പ്രകാരമുള്ള ചാർജുകളോ നേരിടേണ്ടിവരും. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് പിഴ വർദ്ധിക്കുമെന്നും ഗുരുതരമായ കേസുകളിൽ $100,000 വരെ പിഴ ലഭിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.