എ.ഐ. ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച കൗമാരക്കാരൻ അറസ്റ്റിൽ. വിവിധ ഹൈസ്കൂളുകളിലെ വിദ്യാർത്ഥിനികളുടെ അശ്ലീല ചിത്രങ്ങളാണ് ഇയാൾ നിർമ്മിച്ചത്. ഒക്ടോബറിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആൽബർട്ടയിലെ ഇൻ്റർനെറ്റ് ചൈൽഡ് എക്സ്പ്ലോയിറ്റേഷൻ യൂണിറ്റാണ് ഇത് സംബന്ധിച്ച അന്വേഷണങ്ങൾ നടത്തിയത്. തുടർന്ന് നവംബർ 13-ന് പോലീസ് കൽഗറിയിലെ ഒരു വീട്ടിൽ തിരച്ചിൽ നടത്തുകയും രണ്ട് മൊബൈൽ ഫോണുകൾ, ഒരു ടാബ്ലെറ്റ്, ഒരു ലാപ്ടോപ്പ് എന്നിവ പിടിച്ചെടുക്കുകയും ചെയ്തു.
ഇരകളുടെയോ 17 വയസ്സുള്ള പ്രതിയുടെ പേരോ സ്കൂളുകളുടെ പേരോ പോലീസ് പുറത്തുവിട്ടിട്ടില്ല. കുട്ടികളുടെ ലൈംഗിക ദുരുപയോഗപരമായ ഉള്ളടക്കം നിർമ്മിക്കൽ, കൈവശം വയ്ക്കൽ, പങ്കുവയ്ക്കൽ എന്നിവ കൂടാതെ ക്രിമിനൽ ഉപദ്രവം എന്നീ കുറ്റങ്ങളാണ് കൗമാരക്കാരനെതിരെ ചുമത്തിയിട്ടുള്ളത്. AI ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങൾ നിർമ്മിക്കുന്നതും പങ്കുവയ്ക്കുന്നതും ഗുരുതരമായ ഭീഷണിപ്പെടുത്തലും നിയമപരമായി വലിയ കുറ്റകത്യങ്ങളാണ്. അതിനാൽ പോലീസ് ഇത്തരം കേസുകളിൽ കർശന നടപടിയെടുക്കുമെന്ന് സ്റ്റാഫ് സർജൻ്റ് മാർക്ക് ഓഗർ പറഞ്ഞു.