വിർജീനിയയിലെ ആഷ്‌ലാൻഡിൽ ശനിയാഴ്ച അതിരാവിലെയാണ് സംഭവം. മദ്യശാലയിൽ അകപ്പെട്ടൊരു റാക്കൂൺ നേരെ പോയത് സ്‌കോച്ച്, വിസ്‌കി എന്നിവ സൂക്ഷിച്ചിരുന്ന താഴത്തെ തട്ടിലേക്കായിരുന്നു. തുടർന്ന് മദ്യക്കുപ്പികൾ പൊട്ടി തറയിലെങ്ങും ഒഴുകിയ മദ്യം അകത്താക്കുകയും ചെയ്തു. മദ്യം ഉള്ളിൽ ചെന്നതോടെ ലക്കുകെട്ട റാക്കൂൺ തുടർന്ന് വരുത്തി വച്ചത് വലിയ നാശനഷ്ടങ്ങളാണ്.
അടുത്ത ദിവസം രാവിലെ കടയിലെത്തിയ ജീവനക്കാരൻ, ബാത്ത്‌റൂമിൻ്റെ തറയിൽ ബോധരഹിതനായി കിടക്കുന്ന റാക്കൂണിനെയാണ് കണ്ടത്. റാക്കൂണുകളെ ഇഷ്ടപ്പെടുന്ന തനിക്ക് ഈ സംഭവം രസകരമായി തോന്നിയെന്ന് അനിമൽ കൺട്രോൾ ഓഫീസർ സാമന്ത മാർട്ടിൻ പറഞ്ഞു. മാർട്ടിൻ റാക്കൂണിനെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയും അവിടെ അതിന് വിശ്രമം നൽകുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട ഉറക്കത്തിന് ശേഷം റാക്കൂണിനെ സുരക്ഷിതമായി കാട്ടിലേക്ക് തിരികെ വിട്ടു. അസാധാരണമായ ഈ സാഹചര്യം നന്നായി കൈകാര്യം ചെയ്തതിന് അനിമൽ കൺട്രോൾ ഓഫീസ് സാമന്ത മാർട്ടിനെ പ്രശംസിച്ചു. റാക്കൂണുകൾ കുസൃതിക്കാരാണെങ്കിലും അവയോട് കരുതലോടെ പെരുമാറണമെന്ന് അവർ എല്ലാവരെയും ഓർമ്മിപ്പിച്ചു.