കുറ്റകൃത്യങ്ങൾ ചെയ്യുന്ന കുടിയേറ്റക്കാരെ സർക്കാർ നാടുകടത്തണമെന്നാണ് കാനഡയിലെ പുതിയ കുടിയേറ്റക്കാരിൽ ഭൂരിപക്ഷവും ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കുന്ന പുതിയ സർവേ ഫലം പുറത്ത് വന്നു. അതിനിടെ രാജ്യം വിട്ടുപോകാൻ ഉത്തരവിട്ട ഏകദേശം 33,000 കുടിയേറ്റക്കാരെ കണ്ടെത്താനായിട്ടില്ലെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി (സി.ബി.എസ്.എ.) അറിയിച്ചു. ഈ സംഖ്യ കഴിഞ്ഞ അഞ്ച് വർഷമായി ഇതേ രീതിയിൽ തുടരുകയാണെങ്കിലും സുരക്ഷാ കാരണങ്ങളാലുള്ള നാടുകടത്തലുകളുടെ എണ്ണം ഇതേ കാലയളവിൽ ഇരട്ടിയായി വർദ്ധിച്ചു.
ഓമ്‌നി ന്യൂസിന് വേണ്ടി നടത്തിയ സർവേയിലാണ്, കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട കനേഡിയൻ പൗരന്മാരല്ലാത്തവരെ നാടുകടത്തണമെന്ന നിലപാടാണ് ഭൂരിപക്ഷം പുതിയ കുടിയേറ്റക്കാർക്കും ഉള്ളതെന്ന് കണ്ടെത്തിയത്.2025 ഒക്ടോബർ 2 നും 15 നും ഇടയിൽ കാനഡയ്ക്ക് പുറത്ത് ജനിച്ച 1,510 പേരെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്. ഇതിൽ ഏകദേശം 28 ശതമാനം ആളുകൾ ഉടൻ നാടുകടത്തുന്നതിനുള്ള സീറോ ടോളറൻസ് നയം വേണമെന്ന് ആവശ്യപ്പെട്ടു, അതേസമയം സമാനമായ മറ്റൊരു വിഭാഗം ഓരോ കേസിനും അനുയോജ്യമായ തീരുമാനങ്ങൾ വേണമെന്ന നിലപാടിനെയാണ് പിന്തുണച്ചത്. കൂടാതെ, കുടിയേറ്റത്തിലൂടെ രാജ്യത്തേക്ക് സംഘർഷങ്ങൾ കടന്നു വരുന്നത് തടയാൻ ഫെഡറൽ സർക്കാർ കൂടുതൽ നടപടിയെടുക്കണമെന്നും 82 ശതമാനം പുതിയ കുടിയേറ്റക്കാരും അഭിപ്രായപ്പെട്ടു.