മെക്സിക്കോ, ഡൊമിനിക്കൻ റിപ്പബ്ലിക്, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന യാത്രാ മുന്നറിയിപ്പുമായി കാനഡ. ഈ രാജ്യങ്ങളിലെ പ്രശസ്തമായ ബീച്ചകൾ ഉൾപ്പടെയുള്ള ചില വിനോദസഞ്ചാര മേഖലകളിൽ, കുറ്റകൃത്യങ്ങളും സുരക്ഷാ പ്രശ്നങ്ങളും വർധിച്ചിട്ടുണ്ട് എന്ന് മുന്നറിയിപ്പിൽ പറയുന്നു. അതിനാൽ യാത്രക്കാർ എപ്പോഴും ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പിലുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കണമെന്നും, പ്രാദേശിക നിർദ്ദേശങ്ങൾ പാലിക്കണമെന്നും കനേഡിയൻ സർക്കാർ ആവശ്യപ്പെട്ടു.
കവർച്ച, ആക്രമണം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ ശ്രദ്ധിക്കണമെന്ന് കാനഡക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രിയിലോ ഒറ്റപ്പെട്ട സ്ഥലങ്ങളിലോ ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. റിസോർട്ടുകൾ, വിമാനത്താവളങ്ങൾ, പൊതുഗതാഗത മാർഗ്ഗങ്ങൾ എന്നിവയ്ക്ക് സമീപവും കുറ്റകൃത്യങ്ങൾ സംഭവിക്കുന്നുണ്ടെന്നും, ഇത് വിദൂര പ്രദേശങ്ങളിൽ മാത്രമായി ഒതുങ്ങുന്നില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു. അതിനാൽ യാത്ര രജിസ്റ്റർ ചെയ്യണമെന്നും, പ്രധാനപ്പെട്ട രേഖകളുടെ പകർപ്പുകൾ സൂക്ഷിക്കണമെന്നും യാത്രാ മുന്നറിയിപ്പിലുണ്ട്. കാനഡയിലുള്ള കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ യാത്രാ പദ്ധതികൾ പങ്കുവയ്ക്കണം. കൂടുതൽ പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കൈയിൽ കരുതുന്നത് ഒഴിവാക്കുന്നതും നല്ലതാണ്.
യാത്ര ബുക്ക് ചെയ്യുന്നതിനോ ആരംഭിക്കുന്നതിനോ മുമ്പ് കാനഡക്കാർ ഔദ്യോഗിക സർക്കാർ വെബ്‌സൈറ്റിലെ മുഴുവൻ യാത്രാ മുന്നറിയിപ്പും പരിശോധിക്കണം. സുരക്ഷാ സാഹചര്യം മെച്ചപ്പെടുകയോ മോശമാവുകയോ ചെയ്താൽ മുന്നറിയിപ്പിൽ വേഗത്തിൽ മാറ്റങ്ങൾ വരാം. അതിനാൽ യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് യാത്രക്കാർ അത് വീണ്ടും പരിശോധിക്കണമെന്നും കാനഡ സർക്കാർ പുറത്തിറക്കിയ യാത്രാ മുന്നറിയിപ്പിലുണ്ട്.