ഒൻ്റോരിയോയിൽ ഫുഡ് ബാങ്ക് ഉപയോഗം തുടർച്ചയായി ഒൻപതാം വർഷവും എക്കാലത്തെയും ഉയർന്ന റെക്കോർഡിൽ എത്തിയതായി പുതിയ റിപ്പോർട്ട്. Feed Ontario പുറത്തിറക്കിയ Hunger Report പ്രകാരം, 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെയുള്ള ഒരു വർഷത്തിനിടെ പത്ത് ലക്ഷത്തിലധികം ആളുകളാണ് ഭക്ഷ്യ സഹായത്തിനായി ഫുഡ് ബാങ്കുകളെ ആശ്രയിച്ചത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനം കൂടുതലാണ്. ഉയർന്ന ജീവിതച്ചെലവ്, വീട്ടുവാടകയിലെ വർദ്ധനവ് തുടങ്ങിയവ കാരണം ആളുകൾക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നില്ലെന്നും ഈ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ഭക്ഷ്യ അരക്ഷിതാവസ്ഥ ഒൻ്റാരിയോയിലെ സമൂഹത്തിൽ ആഴത്തിൽ വേരൂന്നുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയാണ് ഈ കണക്കുകൾ. ഫുഡ് ബാങ്കുകളിൽ സഹായം തേടിയവരിൽ 29% പേർ കുട്ടികളാണ്. കൂടാതെ, ഈ സഹായം തേടിയവരിൽ 23% പേർക്ക് ജോലി ഉണ്ടായിരുന്നിട്ടും, വർദ്ധിച്ചുവരുന്ന ചെലവുകൾ കാരണം അവർക്ക് ഭക്ഷണം വാങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ്. സാമ്പത്തിക പ്രയാസങ്ങൾ കാരണം ആളുകൾ പലപ്പോഴും വാടക കൊടുക്കുന്നതിനായി പലചരക്ക് സാധനങ്ങളുടെ ചെലവിൽ കുറവ് വരുത്തുകയാണ്. ഫുഡ് ബാങ്കുകൾക്ക് മേലുള്ള വർദ്ധിച്ചുവരുന്ന ഈ സമ്മർദ്ദം, ഭവനരഹിതരുടെ എണ്ണം വർദ്ധിക്കുന്നതിനും ആരോഗ്യരംഗത്ത് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിൻ്റെയും ഒരു സൂചന ആണെന്ന് വിദഗ്ദ്ധർ പറയുന്നു.