ISIS ബന്ധം തെളിഞ്ഞു, കാൽഗറി സ്വദേശി ഭീകരവാദ കേസിൽ കുറ്റക്കാരൻ : ശിക്ഷാവിധി ജനുവരിയിൽ

By: 600110 On: Dec 3, 2025, 1:10 PM

 കാൽഗറി സ്വദേശിയായ ജമാൽ ബോർഹോട്ട് സിറിയയിലെ ISIS  തീവ്രവാദ ഗ്രൂപ്പിൽ ചേർന്ന കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2013-ലും 2014-ലുമായി സിറിയയിലേക്ക് യാത്ര ചെയ്യുകയും ISIS-ൻ്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു എന്ന മൂന്ന് ഭീകരവാദക്കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ഭീകരവാദ ഗ്രൂപ്പിൻ്റെ ലക്ഷ്യങ്ങളെക്കുറിച്ചും കൊലപാതക ഉദ്ദേശ്യങ്ങളെക്കുറിച്ചും ബോർഹോട്ടിന് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും, സംഘടനയ്ക്കുവേണ്ടി ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ട് എന്നും കോടതി നിരീക്ഷിച്ചു. അഞ്ചുവർഷം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കോടതിയുടെ ഈ സുപ്രധാന വിധി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി ഇയാളുടെ ജാമ്യം റദ്ദാക്കുകയും കസ്റ്റഡിയിലെടുക്കാൻ ഉത്തരവിടുകയും ചെയ്തു.

ജമാൽ ബോർഹോട്ട് ISIS-ൽ ചേർന്ന് പരിശീലനം നേടുകയും പോരാട്ടങ്ങളിൽ പങ്കെടുക്കുകയും, സംഘടനയ്ക്കുവേണ്ടി വീഡിയോകൾ നിർമ്മിക്കുകയും മറ്റ് അംഗങ്ങളെ റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുകയും ചെയ്തു എന്ന് പ്രോസിക്യൂട്ടർമാർ തെളിവുകൾ സഹിതം വാദിച്ചു. ഇയാൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കപ്പെട്ടു എന്നും അവയെല്ലാം തീവ്രവാദ പ്രവർത്തനങ്ങൾ ആണെന്നും കോടതി വ്യക്തമാക്കി. സമാനമായ കുറ്റങ്ങൾക്ക് ഇയാളുടെ ബന്ധുവായ ഹുസൈൻ ബോർഹോട്ട് നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നു. ജമാൽ ബോർഹോട്ടിനുള്ള ശിക്ഷാവിധി അടുത്ത വർഷം ജനുവരിയിൽ പ്രഖ്യാപിക്കും. ഓരോ കുറ്റത്തിനും 10 വർഷം വരെ തുടർച്ചയായ തടവ് ലഭിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.