കാനഡ ബോർഡർ സർവീസസ് ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ സന്ദീപ് സിംഗ് സിദ്ദു ഇന്ത്യ ഗവൺമെൻ്റിന് എതിരെ 90 ലക്ഷം കനേഡിയൻ ഡോളറിന് അപകീർത്തി കേസ് ഫയൽ ചെയ്തു. തൻ്റെ ജോലിയും ജീവിതവും തകർക്കാൻ ലക്ഷ്യമിട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു എന്നാണ് സിദ്ദുവിൻ്റെ ആരോപണം. സിദ്ദുവിനെ ഇന്ത്യയിലെ ചില മാധ്യമങ്ങൾ ഭീകരവാദി എന്ന് വിശേഷിപ്പിക്കുകയും കനേഡിയൻ സർക്കാരിൻ്റെ ശമ്പളപ്പട്ടികയിലുള്ള ഭീകരനാണെന്ന് ചിത്രീകരിക്കുകയും ചെയ്തതായി ഒൻ്റാരിയോ കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. ഈ വ്യാജപ്രചാരണം കാരണം കടുത്ത മാനസിക സമ്മർദ്ദത്തിലായെന്നും ചികിത്സ തേടേണ്ടി വന്നുവെന്നും സിദ്ദു വ്യക്തമാക്കി. കാനഡ സർക്കാരിനെയും സിദ്ദു വിമർശിക്കുന്നുണ്ട്.
വ്യാജ വാർത്തകളെ തുടർന്ന് സിദ്ദുവിനെ CBSA സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, കനേഡിയൻ സുരക്ഷാ ഏജൻസികൾ നടത്തിയ വിശദമായ അന്വേഷണത്തിൽ അദ്ദേഹത്തിനെതിരെ തെളിവുകളൊന്നും കണ്ടെത്താനായില്ല. തുടർന്ന് സിദ്ദുവിനെ തിരിച്ചെടുത്തെങ്കിലും, വധഭീഷണികൾ നേരിട്ടപ്പോൾപോലും CBSA വേണ്ടത്ര സഹായം നൽകിയില്ലെന്നും, പരിഹസിച്ചു എന്നും ഹർജിയിൽ ആരോപിക്കുന്നു. ഈ വിഷയത്തിൽ ആവശ്യമായ പിന്തുണ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി സിദ്ദു CBSA-യെ കേസിൽ കൂട്ടുപ്രതിയാക്കിയിട്ടുണ്ട്. ഈ സംഭവങ്ങളെക്കുറിച്ച് ഇന്ത്യൻ സർക്കാരോ കനേഡിയൻ അധികൃതരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.