കാൽഗറിയിലെ പൊതുഗതാഗത നിരക്കുകൾ 2026 മുതൽ വർദ്ധിക്കും. മുതിർന്നവർക്കുള്ള ഒറ്റത്തവണ ടിക്കറ്റ് നിരക്ക് $3.80-ൽ നിന്ന് $4.00 ആയി ഉയരും. പ്രോപ്പർട്ടി ടാക്സ് കുറയ്ക്കുന്നതിലൂടെ വരുമാനത്തിലുണ്ടാകുന്ന കുറവ് നികത്താൻ വേണ്ടിയാണ് സിറ്റി കൗൺസിൽ ഈ വർദ്ധനവിന് അംഗീകാരം നൽകിയത്. ഇതോടെ മുതിർന്നവർ, യുവാക്കൾ, മുതിർന്ന പൗരന്മാർ, കുറഞ്ഞ വരുമാനക്കാർ എന്നിവരുടേത് ഉൾപ്പെടെ എല്ലാ പാസുകളുടെയും നിരക്ക് വർദ്ധിക്കും. ടിക്കറ്റ് ബുക്കുകളുടെയും പാർക്കിംഗ് ഫീസുകളുടെയും നിരക്കും ഉയരും.
എന്നാൽ ഇതിനെതിരെ വിമർശനവും ഉയരുന്നുണ്ട്. സർവീസ് മെച്ചപ്പെടുത്താതെ നിരക്ക് വർദ്ധിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്ന് തെരേസ ഗോൺസാലസ് ഗോമസ് എന്ന യാത്രക്കാരി അഭിപ്രായപ്പെട്ടു. തണുപ്പുകാലത്ത് ട്രാൻസിറ്റ് ആവശ്യമാണെന്നും അവർ പറയുന്നു. കുറഞ്ഞ വരുമാനക്കാർക്കുള്ള പാസുകൾ താങ്ങാനാവുന്ന വിലയിൽ നിലനിർത്തുകയാണെങ്കിൽ നിരക്ക് വർദ്ധനവ് അംഗീകരിക്കാമെന്ന് ഷീലാ നവ്രാഡി അഭിപ്രായപ്പെട്ടു. നഗരവാസികളുടെ യാത്രാ സൌകര്യം മെച്ചപ്പെടുത്തുന്നതിനായി വ്യക്തമായ പദ്ധതികൾ വേണമെന്ന് കാൽഗറി ട്രാൻസിറ്റ് റൈഡേഴ്സിലെ അലക്സ് വില്യംസ് ആവശ്യപ്പെട്ടു. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര തുടരുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.