ബാലിയിൽ വിഷമദ്യം കഴിച്ച് കനേഡിയൻ യുവതിക്ക് കാഴ്ച നഷ്ടപ്പെട്ടു

By: 600110 On: Dec 3, 2025, 6:43 AM

ബാലിയിൽ വെച്ച് വിഷാംശമുള്ള മദ്യം കഴിച്ചതിനെ തുടർന്ന് ഒരു കനേഡിയൻ ടൂറിസ്റ്റിന് മെഥനോൾ വിഷബാധയേറ്റു. ന്യൂസിലാൻഡിലെ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകിയിട്ടും യുവതിക്ക് കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. ഇതേ തുടർന്ന് ബാലി, ലാവോസ് പോലുള്ള സ്ഥലങ്ങളിൽ പോകുന്നവർ വിലകുറഞ്ഞ പാനീയങ്ങളോ സ്പിരിറ്റുകളോ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് കാഴ്ച നഷ്ടപ്പെട്ട ആഷ്‌ലി കിംഗ്.

കാൽഗറി സ്വദേശിനിയാ ആഷ്‌ലി കിംഗ്, ബാലിയിലെ ഒരു പ്രശസ്തമായ ബാറിൽ നിന്നാണ് മദ്യം കഴിച്ചത്. വിഷാംശമുള്ള മെഥനോൾ ശരീരത്തിൽ കലർന്നതിനെ തുടർന്ന് ശ്വാസമെടുക്കാനോ കാണാനോ കഴിയാത്ത അവസ്ഥയിലാണ് അവർ ഉറക്കമുണർന്നത്. മെഥനോൾ ശരീരത്തിലെത്തിയാൽ അത് കണ്ണ്, തലച്ചോറ്, മറ്റ് ആന്തരികാവയവങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കും. വിഷത്തിൻ്റെ ഫലം കുറയ്ക്കുന്നതിനായി ഡോക്ടർമാർ അവർക്ക് ശുദ്ധമായ ആൽക്കഹോൾ (എഥനോൾ) നൽകിയാണ് ചികിത്സിച്ചത്. തുടർന്ന് മരണത്തിൽ നിന്ന് കിംഗ് രക്ഷപ്പെട്ടെങ്കിലും, വെറും രണ്ട് ശതമാനം കാഴ്ച മാത്രമേ അവർക്ക് ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. അവ്യക്തമായ മങ്ങിയ ചിത്രങ്ങളായി മാത്രമെ അവർക്ക് ലോകത്തെ കാണാൻ കഴിയൂ.

സമാനമായ ഇത്തരം കേസുകളിൽ എല്ലാ വർഷവും വിനോദസഞ്ചാരികൾ മരിക്കുന്നുണ്ട്. ലാവോസിലെ സമീപകാല മരണങ്ങളെ തുടർന്ന് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ സുരക്ഷിതമായിരിക്കാൻ, വിശ്വസ്ത സ്ഥാപനങ്ങളിൽ നിന്നുള്ള സീൽ ചെയ്ത ബിയറോ കാനുകളോ മാത്രം ഉപയോഗിക്കണമെന്നാണ് ഈ രംഗത്തെ പ്രവർത്തിക്കുന്നവർ മുന്നറിയിപ്പ് നല്കുന്നത്.