കാൽഗറിയിൽ ഭവന വില കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നവംബറിൽ കാൽഗറിയിലെ ഭവന വിൽപ്പനയിൽ 13.4 ശതമാനം ഇടിവുണ്ടായി. കാൽഗറി റിയൽ എസ്റ്റേറ്റ് ബോർഡിൻ്റെ (CREB) റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ മാസം 1,553 വീടുകളാണ് വിറ്റുപോയത്. വീടുകളുടെ ബെഞ്ച്മാർക്ക് വില മുൻവർഷത്തെ അപേക്ഷിച്ച് 4.6 ശതമാനം കുറഞ്ഞ് 559,000 ഡോളറായി.
ഭവനങ്ങളുടെ ഇൻവെൻ്ററി 28.2 ശതമാനം വർധിച്ച് 5,581 വീടുകളായി ഉയർന്നു. ഇത് സാധാരണ നിലയേക്കാൾ 15 ശതമാനം കൂടുതലാണ്. വിതരണത്തിലുണ്ടായ വർദ്ധനവാണ് ഇതിന് കാരണമെന്ന് പ്രധാന സാമ്പത്തിക വിദഗ്ദ്ധയായ ആൻ-മേരി ലൂറിപറഞ്ഞു. അപ്പാർട്ട്മെൻ്റ് വിലകൾ മുൻവർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം കുറഞ്ഞു. റോ-സ്റ്റൈൽ വീടുകളുടെ വില കഴിഞ്ഞ നവംബറിനെ അപേക്ഷിച്ച് ആറ് ശതമാനം ഇടിഞ്ഞു. ഡിറ്റാച്ച്ട് വീടുകളുടെ വില 2024 നെ അപേക്ഷിച്ച് രണ്ട് ശതമാനം കുറഞ്ഞു. അപ്പാർട്ട്‌മെൻ്റുകളിലും റോ-സ്റ്റൈൽ വീടുകളിലുമുള്ള ഉയർന്ന ഇൻവെൻ്ററിയാണ് വിലയിടിവിന് ഏറ്റവും വലിയ കാരണമാകുന്നത്. വില കുറയുന്നത് വീട് വാങ്ങാൻ ഉദ്ദേശിക്കുന്നവരെ സംബന്ധിച്ച് മികച്ച അവസരമായാണ് വിലയിരുത്തപ്പെടുന്നത്. വിതരണം വർദ്ധിക്കുന്നതും വില കുറയുന്നതും വിപണി സന്തുലിതാവസ്ഥ കണ്ടെത്തുന്നതിൻ്റെ പ്രതിഫലനമാണെന്ന് വിദഗ്ധർ പറയുന്നു.