ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിന് സമീപം ജിപിഎസ് സ്പൂഫിംഗ് നടന്നതായി സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. വിമാനങ്ങളുടെ സര്‍വീസിനെ നീക്കം ബാധിച്ചിട്ടില്ലെന്നും വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിലെ 10 ആം നമ്പര്‍ റണ്‍വേയില്‍ വെച്ചാണ് ചില വിമാനങ്ങള്‍ക്ക് ജിപിഎസ് സ്പൂഫിംഗ് അനുഭവപ്പെട്ടതെന്നും കേന്ദ്ര വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു ലോക്‌സഭയില്‍ പറഞ്ഞു.
ഒരു ഡിജിറ്റല്‍ ഉപകരണം(ഫോണ്‍, ഡ്രോണ്‍, കാര്‍, കപ്പല്‍ മുതലായവ) അതിന്റെ യഥാര്‍ത്ഥ സ്ഥാനം കാണിക്കുന്നതിന് പകരം തെറ്റായ സ്ഥാനം ജിപിഎസില്‍ രേഖപ്പെടുത്തുന്നതിനെയാണ് ജിപിഎസ് സ്പൂഫിംഗ് എന്ന് പറയുന്നത്. ജിപിഎസ് സിഗ്നലുകള്‍ വ്യാജമായി നിര്‍മിക്കുകയോ കൈകാര്യം ചെയ്യുമ്പോഴോ ആണ് ജിപിഎസ് സ്പൂഫിംഗ് നടക്കുന്നത്. ജിപിഎസ് ഉപകരണങ്ങള്‍ ഉപഗ്രഹ സിഗ്നലുകളെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ജിപിഎസ് സ്പൂഫിംഗ് നടക്കുമ്പോള്‍ യഥാര്‍ത്ഥ ഉപഗ്രഹ സിഗ്നലുകള്‍ക്ക് പകരം വ്യാജ സിഗ്നലുകള്‍ ആയിരിക്കും ഉപയോഗിക്കുക.