ട്രംപിന്റെ MRI ഫലം 'തികച്ചും സാധാരണ'; ആരോഗ്യവാനെന്ന് വൈറ്റ് ഹൗസ് ഡോക്ടര്‍

By: 600002 On: Dec 2, 2025, 8:54 AM



 

പി പി ചെറിയാന്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ (79) MRI സ്‌കാന്‍ ഫലങ്ങള്‍ 'തികച്ചും സാധാരണമാണ്' എന്ന് വൈറ്റ് ഹൗസ് ഫിസിഷ്യന്‍ ക്യാപ്റ്റന്‍ സീന്‍ ബാര്‍ബെല്ല പ്രഖ്യാപിച്ചു. ട്രംപ് 'മികച്ച മൊത്തത്തിലുള്ള ആരോഗ്യസ്ഥിതിയില്‍' തുടരുന്നു എന്നും അദ്ദേഹം അറിയിച്ചു. ഒക്ടോബറില്‍ നടത്തിയ 'സമഗ്രമായ എക്‌സിക്യൂട്ടീവ് ഫിസിക്കല്‍' പരിശോധനയുടെ ഭാഗമായി ഹൃദയത്തിന്റെയും വയറിന്റെയും അഡ്വാന്‍സ്ഡ് ഇമേജിംഗ് (MRI) നടത്തിയതിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്.

 MRI ഫലങ്ങള്‍ 'തികച്ചും സാധാരണമാണ്' എന്ന് ഡോക്ടര്‍ മെമ്മോയില്‍ പറഞ്ഞു. ഹൃദയത്തിലോ പ്രധാന ധമനികളിലോ രക്തയോട്ടം തടസ്സപ്പെടുത്തുന്ന ധമനികളുടെ ഇടുങ്ങലോ മറ്റ് അപാകതകളോ ഇല്ല. ഹൃദയ സംബന്ധമായ സംവിധാനം 'മികച്ച ആരോഗ്യം' കാണിക്കുന്നു. വയറിലെ സ്‌കാന്‍ ഫലങ്ങളും 'സാധാരണ നിലയില്‍' ആണെന്നും ഡോക്ടര്‍ വ്യക്തമാക്കി.

ഈ പ്രായത്തിലുള്ളവര്‍ക്ക് ഹൃദയത്തിന്റെയും വയറിന്റെയും സമഗ്രമായ വിലയിരുത്തല്‍ ആവശ്യമായതിനാലാണ് ങഞക നടത്തിയതെന്നും ഇത് പ്രതിരോധ നടപടിയാണെന്നും ഡോക്ടര്‍ വിശദീകരിച്ചു.

ട്രംപിന്റെ ആരോഗ്യത്തെയും പ്രായത്തെയും ചൊല്ലിയുള്ള ആശങ്കകള്‍ക്കിടയില്‍ ഡെമോക്രാറ്റുകള്‍ സ്‌കാന്‍ ഫലങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഫലം പുറത്തുവിടാന്‍ തനിക്ക് സമ്മതമാണെന്ന് ഞായറാഴ്ച ട്രംപ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞിരുന്നു.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് തിങ്കളാഴ്ച ഈ മെമ്മോ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിച്ച് കേള്‍പ്പിച്ചു.